പിടിവിട്ട് വിലവർദ്ധന, സബ്‌സിഡിയുമില്ല. ജനകീയ ഹോട്ടലുകൾ അടച്ചൂപൂട്ടണോ.

Sunday 05 March 2023 12:44 AM IST

കോട്ടയം . മാസങ്ങളായി സബ്സിഡി തുകയില്ല, പാചകവാതക വില കുത്തനെ ഉയരുന്നു,​ ഒപ്പം അരിവിലയും പിടിവിട്ട് മുകളിലേക്ക്. പ്രതിസന്ധികളിൽ നട്ടംതിരിയുകയാണ് ജില്ലയിലെ കുടുംബശ്രീ ജനകീയ ഹോട്ടലുകൾ. 20 രൂപ നിരക്കിൽ ഉച്ചയൂണ് നൽകിയാൽ എങ്ങനെ മുതലാകുമെന്നാണ് ഉയരുന്ന ചോദ്യം. മിക്ക ഹോട്ടലുകൾക്കും സബ്സിഡി തുക ലഭിച്ചിട്ട് നാലു മുതൽ ആറു മാസം വരെയായി. സബ്സിഡി ഇനത്തിൽ അഞ്ചു ലക്ഷം വരെ കുടിശികയുള്ള ഹോട്ടലുകൾ വരെയുണ്ട്. ഊണ് മാത്രം നൽകുന്ന ഹോട്ടലുകളിലാണ് പ്രതിസന്ധി കൂടുതൽ. ഒരു ഊണിന് 10 രൂപയാണ് സർക്കാർ നൽകുന്നത്. ഊണി​ന്റെ വിലയും ചേർത്ത് പ്രവർത്തകർക്ക് 30 രൂപ ലഭിക്കും. എന്നാൽ സബ്സിഡി നിലച്ചതോടെ ഹോട്ടൽ ചെലവിന് വായ്പ എടുക്കേണ്ട അവസ്ഥയിലാണ് നടത്തിപ്പുകാർ.

കഴിഞ്ഞ ദിവസം വാണിജ്യ സിലിണ്ടറിന് 2153.50 രൂപയായി. കഴിഞ്ഞ ഒരു മാസത്തിനിടെ അരിവില കിലോയ്ക്ക് അഞ്ചു രൂപ മുതൽ ഏഴു രൂപ വരെ കൂടി. കുത്തരിവില 48 രൂപയിൽ നിന്ന് 54 രൂപയായി. ജനകീയ ഹോട്ടലുകൾക്ക് 10.90 രൂപ നിരക്കിൽ സപ്ലൈക്കോ വഴി അരി ലഭിക്കുമെങ്കിലും ​ഗുണനിലവാരം കണക്കിലെടുത്ത് കൂടുതൽ ഊണുകൾ ചെലവാകുന്ന ഹോട്ടലുകൾ ഇത് ഉപയോ​ഗിക്കാറില്ല.

പിടിച്ചുനിൽക്കാൻ രണ്ടുവഴി

ജനകീയ ഹോട്ടലുകളിൽ 20 രൂപയ്ക്ക് ലഭിക്കുന്ന സാദാ ഊണ് വലിയൊരു ആശ്വാസമായിരുന്നു. ദിവസവും നാന്നൂറോളം ഊണുവരെ വിൽക്കുന്ന ഹോട്ടലുകളുണ്ട്. ഉച്ചയൂണിന് ഇരുപത് രൂപയും പാഴ്സലിന് 25 രൂപയുമാണ് ഈടാക്കുന്നത്. പാചകവാതക വില വർദ്ധനയ്ക്ക് പിന്നാലെ മറ്റു ഹോട്ടലുകൾ ഊണിനും മറ്റും വില കൂട്ടിത്തുടങ്ങി. എന്നാൽ ജനകീയ ഹോട്ടലുകൾക്ക് മുന്നോട്ട് പോകണമെങ്കിൽ ഇനി രണ്ടു വഴിയേ ഉള്ളൂ. സർക്കാരിൽ നിന്ന് കൃത്യമായി സബ്സിഡി ലഭിക്കണം, അല്ലെങ്കിൽ വില കൂട്ടണം.

ജില്ലയിൽ 84 ജനകീയ ഹോട്ടലുകൾ.

ഈരാറ്റുപേട്ടയിലെ ജനകീയ ഹോട്ടൽ ഉടമയുടെ വാക്കുകൾ.

കടുത്ത പ്രതിസന്ധിയിലൂടെയാണ് ഭൂരിഭാ​ഗം ജനകീയ ഹോട്ടലുകളും കടന്നുപോകുന്നത്. ഊണ് മാത്രം നൽകുന്നവ അടച്ചുപൂട്ടലി​ന്റെ വക്കിലാണ്. സബ്സിഡി തുക കൃത്യമായി ലഭിക്കാത്തതിനൊപ്പം ​ഗ്യാസ് വില വർദ്ധനവും തിരിച്ചടിയായി. വില വർദ്ധിപ്പിക്കാതെ മുന്നോട്ട് പോകാൻ ബുദ്ധിമുട്ടാണ്.