മമ്മൂട്ടിയും ഷൈനും വീണ്ടും

Sunday 05 March 2023 2:34 AM IST

ക്രിസ്റ്റഫറിനുശേഷം മമ്മൂട്ടി ചിത്രത്തിൽ ഷൈൻ ടോം ചാക്കോ . നവാഗതനായ ഡിനോ ഡെന്നീസ് സംവിധാനം ചെയ്യുന്ന മമ്മൂട്ടി ചിത്രത്തിൽ പ്രധാന വേഷത്തിലാണ് ഷൈൻ ടോം ചാക്കോ എത്തുന്നത്.

ഏപ്രിലിൽ ചിത്രീകരണം ആരംഭിക്കുന്ന ചിത്രത്തിന് കൊച്ചിയാണ് പ്രധാന ലൊക്കേഷൻ.താരനിർണയം പൂർത്തിയായി വരുന്നു. കുറുപ്പ്, റോഷാക്ക്, കിംഗ് ഒഫ് കൊത്ത തുടങ്ങിയ ചിത്രങ്ങളുടെ ഛായാഗ്രാഹകനായ നിമിഷ് രവി ആണ് കാമറ. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ ഡോൾവിൻ കുര്യാക്കോസും ജിനു വി. എബ്രഹാമും ചേർന്നാണ് നിർമ്മാണം. തിയേറ്റർ ഒഫ് ഡ്രീംസിന്റെ ബാനറിൽ നിർമ്മിക്കുന്ന മൂന്നാമത്തെ ചിത്രമാണ്.ടൊവിനോ തോമസിനെ നായകനാക്കി നവാഗതനായ ഡാർവിൻ കുര്യാക്കോസ് സംവിധാനം ചെയ്യുന്ന അന്വേഷിപ്പിൻ കണ്ടെത്തും ആണ് തിയേറ്റർ ഒഫ് ഡ്രീംസ് നിർമ്മിക്കുന്ന രണ്ടാമത്തെ ചിത്രം. ഈ ചിത്രത്തിന്റെ ചിത്രീകരണം നാളെ കോട്ടയത്ത് ആരംഭിക്കും. അതേസമയം നവാഗതനായ റോബി വർഗീസ് രാജ് സംവിധാനം ചെയ്യുന്ന കണ്ണൂർ സ്ക്വാഡിൽ അഭിനയിക്കുകയാണ് മമ്മൂട്ടി. മാർച്ച് രണ്ടാം വാരം വരെ പൂനെയിൽ ചിത്രീകരണം ഉണ്ടാകും. തുടർന്ന് കൊച്ചിയിലും ചിത്രീകരണം ഉണ്ടാകും. കണ്ണൂർ സ്ക്വാഡ് പൂർത്തിയാക്കിയശേഷം മമ്മൂട്ടി ഡിനോയുടെ ചിത്രത്തിൽ ജോയിൻ ചെയ്യാനാണ് തീരുമാനം.