35 വർഷം മുമ്പ് പിരിഞ്ഞു, വീണ്ടും ഒന്നിച്ച് കരീനയുടെ മാതാപിതാക്കൾ
35 വർഷമായി വേർപിരിഞ്ഞു താമസിക്കുന്ന ബോളിവുഡ് താരങ്ങളായ കരീന കപൂറിന്റെയും കരിഷ്മ കപൂറിന്റെയും മാതാപിതാക്കളായ രൺധീർ കപൂറും ബബിതയും വീണ്ടും ഒന്നിക്കുന്നു. വിവാഹം കഴിഞ്ഞ് 17 വർഷത്തിനുശേഷം വേർപിരിഞ്ഞതായിരുന്നു രൺധീറും ബബിതയും . പരസ്പരം അകന്ന് കഴിഞ്ഞെങ്കിലും ഇരുവരും നിയമപരമായി വിവാഹമോചനം നേടിയിരുന്നില്ല. രൺധീറിന്റെ കുത്തഴിഞ്ഞ ജീവിതമാണത്രേ ബബിതയുടെ അകൽച്ചയ്ക്ക് കാരണം. കപിൽശർമ്മ ഷോ എന്ന പരിപാടിയിൽ എത്തിയപ്പോൾ തങ്ങളുടെ ബന്ധത്തിൽ സംഭവിച്ചതിനെക്കുറിച്ച് രൺധീർ തുറന്നു പറഞ്ഞിരുന്നു. ഡേറ്റിംഗ് സമയത്ത് ബബിതയുമായി സീരിയസായ ബന്ധമായിരുന്നില്ല. തനിക്കൊരു നേരം പോക്കായിരുന്നു. അച്ഛൻ രാജ്‌കപൂറും അമ്മ കൃഷ്ണരാജ് കപൂറും ഇടപെട്ട് തങ്ങളുടെ വിവാഹം നടത്തുകയായിരുന്നു. തന്റെ ജീവിതശൈലി ബബിതയ്ക്ക് ഇഷ്ടമല്ല. താൻ മദ്യപാനിയും രാത്രി വൈകി വീട്ടിൽ വന്നു കയറുന്ന ആളുമായിരുന്നു. അവർക്കിഷ്ടമുള്ള പോലെ ജീവിക്കാൻ എനിക്ക് താത്‌പര്യമില്ലായിരുന്നു. എന്നെ ഞാനായി അംഗീകരിക്കാൻ അവൾക്ക് കഴിഞ്ഞില്ല. ഞങ്ങൾക്ക് രണ്ട് മക്കളുണ്ട്. അവരെ നല്ല രീതിയിൽ അവൾ വളർത്തി. അവർ കരിയറിൽ വിജയിച്ചു. ഇതിൽപ്പരം എന്താണ് ഒരു അച്ഛൻ എന്ന നിലയിൽ തനിക്ക് വേണ്ടതെന്ന് രൺധീർ അന്ന് അഭിപ്രായപ്പെട്ടു. മാതാപിതാക്കളുടെ തീരുമാനത്തിൽ ഏറെ സന്തോഷത്തിലാണ് കരീനയും കരീഷ്‌മയും മാത്രമല്ല കപൂർ കുടുംബവും.