കിടപ്പുമുറിയിലേക്ക് ക്ഷണിച്ച് സെയ്‌ഫ് അലി ഖാൻ
ബോളിവുഡിലെ പ്രിയ താരദമ്പതികളാണ് സെയ്‌ഫ് അലിഖാനും കരീന കപൂറും. എവിടെ പോയാലും പാപ്പരാസികൾ ഈ താരദമ്പതികളെ പിന്തുടരാറുണ്ട്. മലൈക അറോറയുടെ അമ്മ ജോയ്‌സിയുടെ എഴുപതാം പിറന്നാൾ ആഘോഷത്തിൽ പങ്കെടുക്കാൻ എത്തിയപ്പോൾ എല്ലാവരുടെയും ശ്രദ്ധ ആകർഷിച്ചത് സെയ്‌ഫിനെയും കരീനയേയുമായിരുന്നു. പാർട്ടി കഴിഞ്ഞ് താമസസ്ഥലത്ത് എത്തിയ തങ്ങളെ പിന്തുടർന്ന പാപ്പരാസികൾക്ക് സെയ്‌ഫ് നൽകിയ രസകരമായ മറുപടി ശ്രദ്ധ നേടുന്നു. 'ഒരു കാര്യം ചെയ്യൂ, ഞങ്ങളുടെ കിടപ്പുമുറി വരെ പിന്തുടരൂ" എന്നാണ് പാപ്പരാസികളോട് അതൃപ്തനായി സെയ്‌ഫ് പറയുന്നത്. 'സെയ്ഫ് സാർ, ഞങ്ങൾ നിങ്ങളെ സ്നേഹിക്കുന്നു, എന്നു ഫോട്ടോഗ്രാഫർമാരിൽ ഒരാൾ സെയ്‌ഫിനോട് പറയുമ്പോൾ ഞങ്ങൾക്കും നിങ്ങളെ ഇഷ്ടമാണ് എന്നു പറഞ്ഞു പുഞ്ചിരിച്ചുകൊണ്ട് കരീനയുടെ കൈപിടിച്ചു പോവുന്ന സെയ്‌ഫിനെ വീഡിയോയിൽ കാണാം. അതേസമയം ഹൃത്വിക് റോഷനൊപ്പം വിക്രം വേദയിലാണ് സെയ്‌ഫ് അവസാനമായി അഭിനയിച്ചത്. സംവിധായകൻ ഓം റൗത്തിന്റെ ആദിപുരുഷനിൽ രാവണനായാണ് സെയ്‌ഫ് എത്തുന്നത്.