സിസോദിയയ്ക്ക് ജാമ്യമില്ല, രണ്ടു ദിവസം കൂടി സി ബി ഐ കസ്റ്റഡിയിൽ , മാനസിക പീഡനമെന്ന് ആരോപണവുമായി എ എ പി നേതാവ്
ന്യൂഡൽഹി : മദ്യ നയക്കേസിൽ സി.ബി.ഐ അറസ്റ്റു ചെയ്ത ഡൽഹി മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയക്ക് ജാമ്യമില്ല. ജാമ്യഹർജി പരിഗണിക്കുന്നത് മാർച്ച് പത്തിലേക്ക് മാറ്റി . അതേസമയം സിസോദിയയുടെ കസ്റ്റഡി കാലാവധി രണ്ടു ദിവസം കൂടി നീട്ടി. സി.ബി.ഐയുടെ ആവശ്യം പരിഗണിച്ചാണ് റോസ് അവന്യു കോടതിയുടെ നടപടി.
കഴിഞ്ഞ ഞായറാഴ്ചയാണ് സിസോദിയയെ മദ്യനയ അഴിമതിക്കേസിൽ സി.ബി.ഐ അറസ്റ്റ് ചെയ്തത്. എട്ടുമണിക്കൂർ ചോദ്യം ചെയ്ത ശേഷമായിരുന്നു അറസ്റ്റ്. വെള്ളിയാഴ്ച ജാമ്യം തേടി സിസോദിയ സുപ്രീംകോടതിയെ സമീപിച്ചു. കേസിൽ ശനിയാഴ്ച വാദം കേട്ട കോടതി ജാമ്യാപേക്ഷ പരിഗണിക്കുന്നത് മാർച്ച് പത്തിലേക്ക് മാറ്റി.
മൂന്നുദിവസം കസ്റ്റഡിയിൽ വേണമെന്നായിരുന്നു സി.ബി.ഐ റോസ് അവന്യു കോടതിയിൽ ആവശ്യപ്പെട്ടത്. എന്നാൽ രണ്ടുദിവസം കൂടി നീട്ടിനൽകാൻ കോടതി അനുമതി നൽകുകയായിരുന്നു. അന്വേഷണവുമായി സഹകരിച്ചിട്ടും മണിക്കൂറുകൾ ചോദ്യം ചെയ്ത് മാനസികമായി ബുദ്ധിമുട്ടിക്കുന്നുണ്ടെന്ന് മനീഷ് സിസോദിയയുടെ അഭിഭാഷകൻ വാദിച്ചു.