ഹിന്ദുക്കളെ രക്ഷിക്കാനല്ല, സ്വാതന്ത്രൃ സമരം തകർക്കാനായി ബ്രിട്ടീഷുകാർ വളർത്തിയെടുത്ത സംഘടനയാണ് ആർഎസ്എസ്; ഇ പി ജയരാജൻ

Saturday 04 March 2023 8:05 PM IST

തൃശ്ശൂർ: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ നയിക്കുന്ന ജനകീയ പ്രതിരോധ യാത്രയിൽ എൽഡിഎഫ് കൺവീനർ ഇ പി ജയരാജൻ പങ്കെടുത്തു. കഴിഞ്ഞ മാസം ആരംഭിച്ച ജാഥയിൽ ഇത് വരെ പങ്കെടുക്കാത്തതിൽ വിവാദം ഉടലെടുത്തതിന് പിന്നാലെയാണ് അദ്ദേഹം ഇന്ന് തൃശ്ശൂരിൽ വെച്ച് ജാഥയുടെ ഭാഗമായത്. ബിജെപിയെയും കേന്ദ്രസർക്കാരിനെയും നിശിതമായി വിമർശിക്കാനായിരുന്നു ഇ പി ജയരാജൻ ജാഥാ വേദി വിനിയോഗിച്ചത്.

ഇന്ത്യൻ സ്വാതന്ത്രൃസമരത്തെ തക‌ർക്കാനായി ബ്രിട്ടീഷുകാർ രൂപം കൊടുത്ത് വളർത്തിയെടുത്ത സംഘടനയാണ് ആർഎസ്എസ് എന്ന് ഇ പി ജയരാജൻ പറഞ്ഞു. ഇന്ത്യയിലെ ഹിന്ദുക്കളുടെ സംരക്ഷണമാണ് ആർഎസ്എസിന്റെ സ്ഥാപനോദ്ദേശ്യം എന്നത് തെറ്റാണെന്നും അദ്ദേഹം തുടർന്നു. ബിജെപിയുടെ നേതൃത്വത്തിലുള്ള കേന്ദ്രസർക്കാരിനെയും സിപിഎം നേതാവ് വിമർശിച്ചു. 2014 തിരഞ്ഞെടുപ്പ് മുതൽ രാജ്യത്തെ ഒരു വർഗീയ ശക്തി കീഴടക്കിയതായും ഇന്ത്യൻ രാഷ്ട്രീയം ഗുരുതരമായ പ്രതിസന്ധികളിലൂടെ കടന്നു പോകുന്നതായും അദ്ദേഹം അറിയിച്ചു.

സംഘപരിവാർ നയിക്കുന്ന രാഷ്ട്രീയ പാർട്ടിയാണ് ബിജെപി എന്നും അവർ രാജ്യത്തെ ജനങ്ങൾക്കായി ഒരു ദൗത്യവും നിർവഹിക്കുന്നില്ലെന്നും ഇ പി ജയരാജൻ കുറ്റപ്പെടുത്തി. അതേസമയം ട്രെയിൻ യാത്രയ്ക്കിടയിൽ തനിക്ക് വെടിയേറ്റ സംഭവത്തെക്കുറിച്ചും അദ്ദേഹം പരാമർശിച്ചു. പിണറായി വിജയനായിരുന്നു അന്ന് അക്രമികളുടെ ഗാർഗറ്റ്. എന്നാൽ അന്ന് അദ്ദേഹം ട്രെയിനിൽ ഉണ്ടായിരുന്നില്ല. പിണറായി വിജയനെ അക്രമിച്ചാൽ കൈയും കെട്ടി ഇരിക്കില്ല എന്നും ഇ പി മുന്നറിയിപ്പ് നൽകി.