ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്തു; ഓസ്ട്രേലിയയിൽ വീണ്ടും ക്ഷേത്രത്തിന് നേരെ ആക്രമണം

Saturday 04 March 2023 8:53 PM IST

സിഡ്നി: ഓസ്ട്രേലിയയിൽ വീണ്ടും ഹിന്ദു ക്ഷേത്രത്തിന് നേരെ ആക്രമണം. ശ്രീ ലക്ഷ്മി നാരായണ ക്ഷേത്രത്തിലാണ് ശനിയാഴ്ച അപകീർത്തികരമായ ചുവരെഴുത്തുകൾ പ്രത്യക്ഷപ്പെട്ടത്. ക്ഷേത്രത്തിന്റെ ചുറ്റുമതിലിൽ ഹിന്ദു വിരുദ്ധ മുദ്രാവാക്യങ്ങൾ ആലേഖനം ചെയ്തിരുന്നു. ഖാലിസ്ഥാൻ അനുകൂലികളാണ് സംഭവത്തിന് പിന്നിൽ എന്നാണ് വിവരം. സമാനമായി അക്രമ സംഭവങ്ങൾ ഇതിന് മുൻപും രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നു.

ശനിയാഴ്ച രാവിലെ ക്ഷേത്ര സന്ദർശനത്തിനെത്തിയവരാണ് ചുമരെഴുത്ത് ശ്രദ്ധിച്ചത്. വിഷയം ക്വീൻസ്‌ലാന്റ് പൊലീസിനെ അറിയിച്ചതായും ക്ഷേത്രത്തിന്റെയും വിശ്വാസികളുടെയും സുരക്ഷ പൊലീസ് ഉറപ്പ് നൽകിയിട്ടുള്ളതായും ഹിന്ദു ഹ്യൂമൻ റൈറ്റ്സ് ഡയറക്ടർ സാറാ ഗേറ്റ്സ് അറിയിച്ചു. ക്ഷേത്രത്തിന്റെ മതിലിൽ പ്രത്യക്ഷപ്പെട്ട ചുമരെഴുത്ത് നീക്കം ചെയ്യുന്നതിന്റെ ചിത്രങ്ങളും സാറാ ഗേറ്റ്സ് സമൂഹമാദ്ധ്യമത്തിലൂടെ പങ്കുവെച്ചു.

അതേസമയം ഓസ്ട്രേലിയയിലെ ഹിന്ദു ക്ഷേത്രങ്ങൾ അക്രമിക്കപ്പെടുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. രാജ്യത്തെ ഖാലിസ്ഥാൻ അനുകൂലികൾ ജനുവരി മാസത്തിൽ മൂന്ന് ഹിന്ദു ക്ഷേത്രങ്ങൾ സമാനമായി അക്രമിച്ച് വികൃതമാക്കിയിരുന്നു. മെൽബണിലെ ആൽബർട്ട് പാർക്കിലെ ഇസ്കോൺ ക്ഷേത്രം, വിക്ടോറിയ കാരം ഡൗൺസിലെ ശ്രീ ശിവ വിഷ്ണു ക്ഷേത്രം, മെൽബണിലെ സ്വാമി നാരായണ ക്ഷേത്രം എന്നിവയായിരുന്നു യഥാക്രമം ജനുവരി 23,16,12 തീയതികളിൽ അക്രമിക്കപ്പെട്ടത്. ഇന്ത്യൻ വിദേശകാര്യമന്ത്രി എസ് ജയശങ്കർ കഴിഞ്ഞ മാസം നടത്തിയ ഓസ്ട്രേലിയ സന്ദർശനത്തിനിടയിൽ ഇത്തരം അനിഷ്ട സംഭവങ്ങൾ ആവർത്തിക്കപ്പെടുന്നതിൽ ആശങ്ക അറിയിച്ചിരുന്നു.

 

 
Advertisement
Advertisement