അതിർത്തി തർക്കം; വിമുക്തഭടൻ അയൽവാസിയുടെ വീടിന് തീവച്ചു

Sunday 05 March 2023 1:43 AM IST

കാട്ടാക്കട: അമ്പലത്തിൻകാലയിൽ അതിർത്തി തർക്കത്തിന്റെ പേരിൽ മുഖംമൂടിധരിച്ചെത്തി

അയൽവാസിയുടെ വീടിന് തീയിട്ട വിമുക്തഭടൻ അറസ്റ്റിൽ. അഞ്ചുവയസുകാരനും സ്ത്രീകളടക്കമുള്ള കുടുംബാംഗങ്ങളെ കത്തികാട്ടി ഭീഷണിപ്പെടുത്തി, മുറിക്കുള്ളിൽ പൂട്ടിയിട്ട ശേഷമായിരുന്നു ആക്രമണം. തുടർന്ന് തല സ്വയം ചുമരിലിടിപ്പിച്ചു പരിക്കേൽപ്പിച്ച അമ്പലത്തിൻകാല മകയിരം വീട്ടിൽ അജയകുമാറിനെ(50) കാട്ടാക്കട പൊലീസ് അറസ്റ്റ് ചെയ്യുകയായിരന്നു. അയൽവാസി സുരേഷ് കുമാറിന്റെ എസ്.പി നിവാസ് എന്ന വീട്ടിൽ ഇന്നലെ രാവിലെയായിരുന്നു അക്രമം. വീട്ടിലെ തുണികളും ഗൃഹോപകരണങ്ങളും കൂട്ടിയിട്ട ശേഷം കൈയ്യിൽ കരുതിയിരുന്ന ഇന്ധനം ഒഴിച്ച് തീകൊളുത്തി. സുരേഷ് കുമാറിന്റെ ഭാര്യ പദ്മജ,മകൾ നീതി,കൊച്ചുമകൻ അഞ്ചുവയസുകാരൻസിദ്ധാർത്ഥ് എന്നിവരാണ് വീട്ടിലുണ്ടായിരുന്നത്. ബഹളം കേട്ടെത്തിയവർ പൊലീസിനേയും സുരേഷ്കുമാറിനെയും വിവരമറിയിച്ചു. ഇതിനിടെ കാട്ടാക്കട നിന്നും ഫയർഫോഴ്സ് സംഘമെത്തി തീകെടുത്തി. അജയകുമാറിനെ പിടികൂടാൻ ശ്രമിക്കുന്നതിനിടെ ഇയാൾ സ്വയം തലചുമരിലിടിച്ചു, ബോധരഹിതനായി വീണു ദൃക്സാക്ഷികൾ പറഞ്ഞു.മെഡിക്കൽ കോളേജ് ആശുപത്രിയിലാക്കിയ ഇയാളുടെ അറസ്റ്റ് പിന്നീട് രേഖപ്പെടുത്തി. ബന്ധുക്കളും അയൽവാസികളുമായ സുരേഷ്കുമാറും അജയകുമാറും തമ്മിൽ വസ്തുതർക്കത്തിന്റെ പേരിൽ വഴക്കുണ്ടാകാറുണ്ടെന്ന് കാട്ടാക്കട പൊലീസ് അറിയിച്ചു.ഫോറൻസിക് വിദഗ്ദ്ധരും പൊലീസും വീട്ടിലെത്തി തെളിവെടുത്തു.