പുത്തൂർ പാർക്ക് വലിയ സാദ്ധ്യത: മന്ത്രി
തൃശൂർ: പുത്തൂർ സുവോളജിക്കൽ പാർക്ക് യാഥാർത്ഥ്യമാകുമ്പോൾ കുറഞ്ഞത് 30 ലക്ഷം സന്ദർശകരെയാണ് പ്രതിവർഷം പ്രതീക്ഷിക്കുന്നതെന്നും ഇത് ധാരാളം സംരംഭകർക്ക് അവസരമൊരുക്കുമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു. ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ ആഭിമുഖ്യത്തിൽ ജില്ലാതല നിക്ഷേപക സംഗമം ഹോട്ടൽ ഗരുഡയിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ആരോഗ്യ വിദ്യാഭ്യാസ രംഗങ്ങളിൽ ഒട്ടേറെ മാതൃകകൾ കേരളത്തിന്റേതാണ്. കൊവിഡിന് ശേഷം ഒരു ലക്ഷം സംരംഭങ്ങളും 20 ലക്ഷം തൊഴിലും ലക്ഷ്യമിട്ടപ്പോൾ 13,596 സംരംഭങ്ങളുമായി ഒന്നാം സ്ഥാനത്ത് തൃശൂരെത്തി. ജില്ലാ വ്യവസായ കേന്ദ്രത്തിന് കീഴിൽ 105 ഇന്റേണുകൾ പ്രവർത്തിക്കുന്നുണ്ടെന്നും മന്ത്രി പറഞ്ഞു. പി.ബാലചന്ദ്രൻ എം.എൽ.എ അദ്ധ്യക്ഷനായി. എം.എസ്.എം.ഇ.ഡി.എഫ്.ഒ. ജോയിന്റ് ഡയറക്ടർ ജി.എസ്. പ്രസാദ് മുഖ്യപ്രഭാഷണം നടത്തി. ലീഡ് ബാങ്ക് മാനേജർ എസ്.മോഹനചന്ദ്രൻ, കെ.എസ്.എസ്.ഐ.എ ജില്ലാ പ്രസിഡന്റ് കെ. ഭവദാസ് എന്നിവർ സംസാരിച്ചു. പി. സ്മിത മോഡറേറ്ററായി.