138 കിലോ കഞ്ചാവ് പിടിച്ച കേസിലെ പ്രതികൾക്ക് പത്ത് വർഷം കഠിനതടവ്

Sunday 05 March 2023 12:16 AM IST

ചാലക്കുടി: ദേശീയപാതയിൽ കണ്ടെയ്‌നർ ലോറിയിൽ കടത്തിയ 138 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്ത കേസിൽ രണ്ടു പ്രതികൾക്ക് പത്തു വർഷം കഠിന തടവ്. കൊല്ലം ശക്തികുളങ്ങര കൊന്നയിൽ തെക്കേതിൽ വീട്ടിൽ അരുൺകുമാർ(35), ആലുവ തയ്യിക്കാട്ടുകര കരിപ്പായി വീട്ടിൽ ഷഫീഖ്(38) എന്നിവരെയാണ് തൃശൂർ ഒന്നാം അഡീഷണൽ ജില്ലാ ജഡ്ജ് പി.എൻ. വിനോദ് ശിക്ഷിച്ചത്.

ഒരു ലക്ഷം രൂപാ വീതം പിഴയടയ്ക്കാനും കോടതി വിധിച്ചു. 2020 ആഗസ്റ്റ് 12ന് മുനിസിപ്പൽ ജംഗ്ഷനിലാണ് പൊലീസ് മയക്കുമരുന്നു പിടിച്ചത്. എറണാകുളത്തു നിന്നും തൃശൂരിലേക്ക് പോയിരുന്ന ലോറിയിൽ മയക്കുമരുന്ന് കടത്തുന്നുവെന്ന സൂചന ലഭിച്ചതിനെ തുടർന്ന് എസ്.എച്ച്.ഒ കെ.എസ്.സന്ദീപിന്റെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. തുടർന്നുള്ള അന്വേഷണത്തിൽ ഷഫീഖിന്റെതാണ് കണ്ടെയ്‌നർ ലോറിയെന്ന് തെളിഞ്ഞു. പ്രോസിക്യൂഷനു വേണ്ടി ജില്ലാ പ്രോസിക്യൂട്ടർ അഡ്വ. കെ.ബി. സുനിൽകുമാർ, ലിജി മധു എന്നിവർ കോടതിയിൽ ഹാജരായി.