മുക്കുപണ്ടം പണയം വച്ച് ലക്ഷങ്ങൾ തട്ടിയ യുവതി പിടിയിൽ

Sunday 05 March 2023 12:53 AM IST

പെരിന്തൽമണ്ണ: കടന്നമണ്ണ സർവീസ് സഹകരണ ബാങ്ക്,​ കോഴിക്കോട്ട്പറമ്പ് ശാഖ, വെള്ളില വനിതാ ബാങ്ക് എന്നിവിടങ്ങളിൽ നിന്ന് പലതവണ മുക്കുപണ്ടം പണയം വെച്ച് ലക്ഷങ്ങൾ തട്ടിയെടുത്ത പ്രതി വെള്ളില ആയിരനാഴിപ്പടി സ്വദേശിനി പൊട്ടൻകണ്ടത്തിൽ ആമിനയെ(32) മങ്കട പൊലീസ് അറസ്റ്റ് ചെയ്തു. ബാങ്ക് സെക്രട്ടറിമാരുടെ പരാതിയിൽ പൊലീസ് അന്വഷണം ഊർജിതമാക്കിയതോടെ മുങ്ങിയ പ്രതി കേരളത്തിനകത്തും പുറത്തും വിവിധ സ്ഥലങ്ങളിൽ വേഷം മാറിയും മറ്റും ഒളിവിൽ താമസിച്ചു വരികയായിരുന്നു. പണം തട്ടിയെടുത്ത് ഒളിവിൽ പോയ പ്രതി ഫോണുകൾ ഉപയോഗിച്ചിരുന്നില്ല. എന്നാൽ മങ്കടയിലെയും മറ്റു പ്രദേശങ്ങളിലെയും നിരവധി ടെലിഫോൺ നമ്പറുകൾ കേന്ദ്രീകരിച്ചും മൊബൈൽ ടവറുകൾ കേന്ദ്രീകരിച്ചും സൈബർ സെല്ലിന്റെ സഹായത്തോടെ നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് രഹസ്യ കേന്ദ്രത്തിൽ താമസിക്കുകയായിരുന്ന പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

വ്യാജ സ്വർണാഭരണങ്ങളുടെ ഉറവിടം കണ്ടെത്തുന്നതിനും പ്രതിക്ക് വ്യാജ സ്വർണാഭരണങ്ങൾ കൊടുത്ത കണ്ണികളെ കണ്ടെത്തുന്നതിനും കൂടുതൽ തെളിവ് ശേഖരിക്കുന്നതിനും വേണ്ടി പ്രതിയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യുമെന്നും അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും എസ്.ഐ അറിയിച്ചു. എസ്.ഐമാരായ ഷംസുദ്ധീൻ, അലവിക്കുട്ടി, അബ്ദുൾ സലിം, എ.എസ്‌.ഐ കൃഷ്ണദാസ്, പൊലീസുകാരായ മുഹമ്മദ് ഫൈസൽ, അബ്ദുസലാം, പ്രീതി, രാജീവ്, മുഹമ്മദ് സുഹൈൽ, സോണി ജോൺസൺ, അനീഷ്, അനീഷ് രാജ്, പ്രജീഷ്, ഷിനോജ്, ധന്യ എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.