മാവോയിസ്റ്റ് അനുകൂല സംഘടന വിപ്ളവ ജനാധിപത്യ മുന്നണി പിരിച്ചുവിട്ടു

Saturday 04 March 2023 11:11 PM IST

തൃശൂർ: സംസ്ഥാനത്തെ പ്രമുഖ മാവോയിസ്റ്റ് സംഘടനയായ വിപ്ലവ ജനാധിപത്യ മുന്നണി (ആർ.ഡി.എഫ്) പിരിച്ചുവിട്ടു.

പ്രവർത്തകർക്ക് പിരിഞ്ഞുപോകാമെന്നും മറ്റേതെങ്കിലും മേഖലയിൽ പ്രവർത്തനം ക്രമീകരിക്കാമെന്നും വ്യക്തമാക്കി

ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടറി അജയൻ മണ്ണൂരാണ് പ്രസ്താവനയിറക്കിയത്.

ആർ.ഡി.എഫിന്റെ രണ്ട് കേസുകളുടെ നടത്തിപ്പിനായി കേസിൽ ഉൾപ്പെട്ടവരുടെ സമിതി രൂപീകരിക്കുമെന്നും കേസ് നടത്തിപ്പ് കഴിഞ്ഞാൽ സമിതി ഇല്ലാതാവുമെന്നും വ്യക്തമാക്കിയിട്ടുണ്ട്. സി.പി.ഐ(എം.എൽ) നക്‌സൽ ബാരിയുടെ ഭാഗമായ പോരാട്ടവുമായി ലയനം നിശ്ചയിച്ചിരുന്നെങ്കിലും അലസിയതിന്റെ ഭാഗമായാണ് പിരിച്ചുവിടലെന്നാണ് സൂചന.

2014ൽ നക്‌സൽ ബാരിയും മാവോയിസ്റ്റുകളും ഒന്നാകാൻ തീരുമാനിച്ചിരുന്നു.

തുടർന്നാണ് ആർ.ഡി.എഫ് - പോരാട്ടം ലയനം നിശ്ചയിച്ചത്. ധാരണയുടെ പേരിൽ നാല് വർഷം മുമ്പ് ആർ.ഡി.എഫ് പ്രവർത്തനം മരവിപ്പിച്ചു. മുരളി കണ്ണമ്പിള്ളി, തുഷാർ നിർമ്മൽ സാരഥി തുടങ്ങിയ പോരാട്ടത്തിന്റെ നേതാക്കൾ ആർ.ഡി.എഫിന്റെ പ്രത്യക്ഷത്തിലുള്ള മാവോയിസ്റ്റ് അഭിമുഖ്യ നിലപാടിലെ എതിർപ്പ് മൂലം ലയനം വേണ്ടെന്ന് നിലപാടെടുത്തു. ഇതേത്തുടർന്നാണ് ലയനം നീണ്ടത്.

ഇപ്പോൾ വിയ്യൂർ സെൻട്രൽ ജയിലിൽ കഴിയുന്ന രൂപേഷ്, അജയൻ മണ്ണൂർ, സുഗതൻ വടകര തുടങ്ങിയ നേതാക്കളാണ് ആർ.ഡി.എഫിനെ നയിച്ചത്. മലപ്പുറത്ത് മൂന്ന് മാവോയിസ്റ്റ് നേതാക്കൾ കാട്ടിൽ പൊലീസ് വെടിവയ്പ്പിൽ കൊല്ലപ്പെടുകയും രൂപേഷ് ജയിലിലാവുകയും ചെയ്തതോടെ ആശയ ഭിന്നത സംഘടനയിൽ ഉടലെടുത്തു. ഇത് സംഘടനയെ നിർജീവമാക്കി. ആർ.ഡി.എഫ് സംസ്ഥാന പ്രസിഡന്റ് വടകര സുഗതൻ കോഴിക്കോട്ടെ മനുഷ്യാവകാശ പ്രസ്ഥാനത്തിൽ സജീവമായി.