25,000 രൂപ കൈക്കൂലി: നഗരസഭാ സെക്രട്ടറിയും ഓഫീസ് അസിസ്റ്റന്റും റിമാൻഡിൽ

Sunday 05 March 2023 12:30 AM IST

തിരുവല്ല: കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിലായ തിരുവല്ല നഗരസഭാ സെക്രട്ടറിയെയും ഓഫീസ് അസിസ്റ്റന്റിനെയും റിമാൻഡ് ചെയ്തു. നഗരസഭ സെക്രട്ടറി നാരായണൻ സ്റ്റാലിൻ ഓഫീസ് അസിസ്റ്റന്റ് ഹസിനാ ബീഗം എന്നിവരെയാണ് ഇന്നലെ ഉച്ചയോടെ വഞ്ചിയൂർ വിജിലൻസ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തത്. വെള്ളിയാഴ്ച വൈകിട്ട് നാലരയോടെയാണ് 25,000 രൂപയുമായി ഇരുവരും വിജിലൻസ് സംഘത്തിന്റെ പിടിയിലായത്.

ക്രിസ് ഗ്ലോബൽ സ്ഥാപന ഉടമയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു വിജിലൻസ് നടപടി. നാരായണൻ സ്റ്റാലിൻ, ഹസീനബീഗം എന്നിവരുടെ വീടുകളിൽ വിജിലൻസ് സംഘം റെയ്ഡ് നടത്തിയിരുന്നു. അനധികൃത സ്വത്ത് സമ്പാദനം സംബന്ധിച്ച ചില രേഖകൾ പിടിച്ചെടുത്തതായാണ് വിവരം. നാരായണൻ സ്റ്റാലിന്റെ വീട്ടിൽനിന്ന് ഒരേ രജിസ്ട്രേഷൻ നമ്പറിലുള്ള രണ്ട് ബൈക്കുകൾ വിജിലൻസ് പിടികൂടിയിട്ടുണ്ട്.