മുക്കുപണ്ട തട്ടിപ്പിൽ യുവാവ് അറസ്റ്റിൽ
പഴയങ്ങാടി: രണ്ട് ബാങ്കുകളിലായി മുക്കുപണ്ടം പണയം വച്ച് പണം തട്ടിയ വിരുതനെ കണ്ണപുരം പൊലീസ് അറസ്റ്റ് ചെയ്‌തു. താവം പള്ളിക്കര സ്വദേശി കൊറ്റില വളപ്പിൽ അബ്ദുറഹ്മാ (37)നെയാണ് പൊലീസ് പിടികൂടിയത്. ചെറുകുന്ന് പുന്നച്ചേരിയിലെ ബാങ്കിൽ സ്വർണ്ണം പൂശിയ രണ്ട് വളകൾ പണയം വച്ച് 63,000 രൂപയും പഴയങ്ങാടിയിലെ ബാങ്കിൽ സ്വർണ്ണം പൂശിയ രണ്ട് വളകളും പണയം വച്ച് 63,500 രൂപയുമാണ് തട്ടിയെടുത്തത്. ബാങ്ക് അധികൃതർ നടത്തിയ പരിശോധനയിൽ ആണ് തട്ടിപ്പ് പുറത്തായത്. ബാങ്ക് മാനേജർമാർ കണ്ണപുരം, പഴയങ്ങാടി പൊലീസിൽ നൽകിയ പരാതിയെ തുടർന്നാണ് കണ്ണപുരം പൊലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ഇതിന് മുമ്പ് പ്രതി കാസർകോട് എ.ടി.എം തട്ടിപ്പിൽ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട് . കണ്ണപുരം എസ്.ഐമാരായ വി.ആർ വിനീഷ്, എൻ. മനീഷ്, എ.എസ്.ഐ റഷീദ്, സ്പെഷ്യൽ സി.പി.ഒ പ്രദീപൻ, ഫിനിഷ്, നജീബ്, ഷാനിബ് എന്നിവർ പൊലീസ് സംഘത്തിലുണ്ടായിരുന്നു.