എയർ ട്രാഫിക്ക് കൺട്രോൾ ടവറിന്റെ നിർമ്മാണം വൈകുന്നു

Sunday 05 March 2023 1:35 AM IST

ശംഖുംമുഖം: തിരുവനന്തപുരം വിമാനത്താവളത്തിലെ പുതിയ എയർ ട്രാഫിക്ക് കൺട്രോൾ ടവറിന്റെ (എ.ടി.സി) നിർമ്മാണം വൈകുന്നു. കേന്ദ്ര വ്യോമയാന മന്ത്രാലയം അനുമതി നൽകിയതിനെ തുടർന്ന് നിർമ്മാണം തുടങ്ങിയിരുന്നെങ്കിലും പിന്നീട് നിലയ്‌ക്കുകയായിരുന്നു. തിരുവനന്തപുരം വഴി കടന്നുപോവുന്ന സൈനിക വിമാനങ്ങൾ ഉൾപ്പെടെയുള്ള 350ലേറെ വിമാനങ്ങളെ നിയന്ത്രിക്കാൻ നിലവിലുള്ള സൗകര്യങ്ങൾ അപര്യാപ്‌തമാണ്.

ചാക്കയിലെ അന്താരാഷ്ട്ര ടെർമിനലിനടുത്ത് 115 കോടി ചെലവിൽ 49 മീറ്റർ ഉയരത്തിലാണ് എയർ ട്രാഫിക് കൺട്രോൾ ടവറടക്കം എട്ടുനില കെട്ടിടം നിർമ്മിക്കാനൊരുങ്ങിയത്. ഉയരം ആദ്യം തർക്കവിഷയമായെങ്കിലും എയർപോർട്ട് അതോറിട്ടി സാങ്കേതിക വിഭാഗം 49 മീറ്റർ അനുവദിച്ചു. ടവറിനുള്ള ഉപകരണങ്ങൾ വിദേശത്തു നിന്നെത്തിക്കാൻ ടെൻഡറാവുകയും ചെയ്‌തു. നിലവിലെ എ.ടി.സി പഴയ ടെർമിനലിനോടു ചേർന്നാണ്.

വിമാനത്താവള നടത്തിപ്പ് അദാനി ഏറ്റെടുത്തതിന് പിന്നാലെ സർവീസുകൾ കൂടിയതോടെ ആധുനിക സംവിധാനങ്ങളുണ്ടെങ്കിലേ വിമാനങ്ങളെ കൃത്യമായി നിയന്ത്രിക്കാനാകൂ. തമിഴ്നാട്ടിലെ ട്രിച്ചി വരെയും നെടുമ്പാശേരി വിമാനത്താവളം വരെയും സമുദ്രത്തിൽ 450 കിലോമീറ്റർ വരെയുമാണ് തിരുവനന്തപുരത്ത എ.ടി.സിയുടെ പരിധി.

എ.ടി.സി എന്നാൽ

വിമാനങ്ങളുടെ കൂട്ടിയിടിയടക്കമുള്ള അപകടങ്ങൾ തടയുന്നത് എ.ടി.സിയാണ്

തിരക്കേറിയ സമയങ്ങളിൽ 20 വിമാനങ്ങൾ വരെ തിരുവനന്തപുരം എ.ടി.സി പരിധിയിലുണ്ടാവും

30,000 മുതൽ 46,000 അടി വരെ ഉയരത്തിലാണ് ഈ വിമാനങ്ങൾ പറക്കുക,

മിനിട്ടിൽ 15 കിലോമീറ്റർ വരെ വേഗതയുണ്ടായിരിക്കും

ഒരേ ഉയരത്തിലുള്ള വിമാനങ്ങൾ തമ്മിൽ 18 കിലോമീറ്റർ ദൂരവും 1000 അടി അകലവും വേണം

എല്ലാ വിമാനങ്ങൾക്കും സുരക്ഷിത പാതയൊരുക്കേണ്ടത് എ.ടി.സിയാണ്.