രണ്ട് വിജയൻമാർക്ക് നടുവിൽ
മഹാസാധുവാണ് പിണറായി സഖാവ് എന്ന് പറഞ്ഞിട്ടുള്ളത് അദ്ദേഹം തന്നെയാണ്. അദ്ദേഹത്തിന്റെ അകക്കാമ്പിൽ, പലരും ഇനിയും തിരിച്ചറിഞ്ഞിട്ടില്ലാത്ത വേറെയും ധാരാളം കാര്യങ്ങൾ കിടപ്പുണ്ട്. അങ്ങനെ ആരാലും കാണപ്പെടാതെ കിടക്കുന്ന ഒരു കാര്യം കൂടി ഈയടുത്തൊരു ദിവസം പിണറായി സഖാവ് പുറത്ത് വിടുകയുണ്ടായി. അത് തന്റെ ഉള്ളിൽ കിടന്ന് കറങ്ങുന്ന അപരവ്യക്തിത്വങ്ങളെ പറ്റിയായിരുന്നു.
രണ്ട് വിജയൻമാർക്കിടയിൽ കിടന്ന് വീർപ്പുമുട്ടുകയാണ് ശരിക്കും പറഞ്ഞാൽ മഹാസാധു പിണറായി സഖാവ് എന്ന് ലോകം തിരിച്ചറിഞ്ഞത് സഖാവിന്റെ ഈ വെളിപ്പെടുത്തൽ വന്നതിന് ശേഷമാണ്. ഇത് വെറും തമാശയായി എഴുതിത്തള്ളാവുന്ന വെളിപ്പെടുത്തലായി കാണാനാവില്ല. കാരണം പറഞ്ഞത് നിയമസഭയിലാണ്. പറഞ്ഞതോടെ നിയമസഭയുടെ മേശപ്പുറത്ത് അത് വച്ചുകഴിഞ്ഞിരിക്കുന്നു. ഇനി ദൈവം തമ്പുരാൻ വിചാരിച്ചാലും ഇളക്കി മാറ്റാനാവില്ല. നഗ്നസത്യമാണത്.
കാണുമ്പോൾ ശരിക്കും അദ്ദേഹം പുതിയ വിജയൻ തന്നെയാണ്. വെളുത്തതും കറുത്തതുമായ ഇന്നോവ കാറുകൾ. അകമ്പടിക്ക് കാലാൾ, കുതിര, കറുത്ത പൊലീസും കാക്കിപ്പൊലീസും തരാതരം, തേര്, കാർ, ജീപ്പ് എന്നുവേണ്ട ഒരു നിരത്തിൽ നിറയ്ക്കാൻ പറ്റുന്ന സകല ഏടാകൂടങ്ങളുടെയും നടുക്കുകൂടി സഞ്ചരിക്കുന്നയാളാണ് പുതിയ വിജയൻ. അത്യാവശ്യത്തിന് വേണമെങ്കിൽ ചിരിക്കും. അതും നല്ലതുപോലെയുള്ള ചിരിയാണ്.
പഴയ വിജയൻ അങ്ങനെയല്ല. വെട്ടൊന്ന് മുറി രണ്ട് ആണ് പ്രകൃതം. ആരോടും മയമില്ല. ദേഷ്യം വന്നാൽ ദേഹമാസകലം വിറയ്ക്കും. പിന്നെ പിടിച്ചാൽ കിട്ടില്ല. അങ്ങനെ ആപ്പയൂപ്പ ചിരിക്കൊന്നും നിന്നുകൊടുക്കാൻ അദ്ദേഹത്തെ കിട്ടില്ല. ഒരു ചിരി വിരിയുന്നത് പോലും മൂന്നാറിൽ നീലക്കുറിഞ്ഞി പൂക്കുന്നത് പോലെ വർഷങ്ങളുടെ കാത്തിരിപ്പ് ആവശ്യമായ പ്രക്രിയയായിരുന്നു.
ഈ രണ്ട് വിജയൻമാരും പക്ഷേ അദ്ദേഹത്തിന്റെ ഉള്ളിൽ കിടന്നിങ്ങനെ എപ്പോഴും അടിപിടി കൂടുന്നു എന്ന സത്യം ഇതുവരെ ആരും അറിഞ്ഞിട്ടില്ല. പിണറായി സഖാവായിട്ട് അത് ആരോടും പറഞ്ഞിട്ടുമില്ലായിരുന്നു. അങ്ങനെ എല്ലാ സംഘർഷങ്ങളെപ്പറ്റിയും വേദനയെപ്പറ്റിയും നാട്ടുകാരോട് മുഴുവൻ പറഞ്ഞ് നടക്കുന്ന ശീലം പണ്ടേ അദ്ദേഹത്തിനില്ല.
നിയമസഭയിൽ വച്ച് ഒരു പ്രത്യേക സന്ദർഭത്തിൽ അദ്ദേഹം അത് വെളിപ്പെടുത്തുകയുണ്ടായി. സംഗതി നിയമസഭ ആയത് കൊണ്ടും അവിടെ സത്യംസത്യമായിട്ടേ കാര്യങ്ങൾ ബോധിപ്പിക്കാവൂ എന്നുള്ളത് കൊണ്ടുമാണ് തന്റെ ഉള്ളിലെ സംഘർഷത്തെപ്പറ്റി സഖാവ് മനസ്സ് തുറന്നത്. ഇത് ശരിക്കും പറഞ്ഞാൽ ശരിയായ ആന്തരിക സംഘർഷമാണ്.
പുതിയ വിജയൻ ഒരു ഭാഗത്ത്. പഴയ വിജയൻ മറുഭാഗത്ത്. പഴയ വിജയൻ ഇടയ്ക്കിടയ്ക്ക് വന്ന് പുതിയ വിജയനെ തള്ളിയുന്തി അതിക്രമിച്ച് പുറത്തേക്ക് വെമ്പാനൊരുങ്ങുന്നു. പുതിയ വിജയൻ ഊക്കോടെ പഴയ വിജയനെ തള്ളി പിന്തിരിപ്പിക്കാൻ നോക്കുന്നു. വല്ലാത്ത ആന്തരികസംഘർഷം. ഈ സംഘർഷം കാരണം ശരിക്കും ശ്വാസം മുട്ടുന്നത് മഹാസാധുവായ പിണറായി സഖാവാണ്.
അത് ഇതുവരെ ആരും മനസ്സിലാക്കിയിട്ടില്ലായിരുന്നു. വടശ്ശേരി സതീശൻജി ഒന്നും രണ്ടും പറഞ്ഞ് പിണറായി സഖാവിനെ ഇളക്കാൻ നോക്കാറുണ്ട്. അദ്ദേഹത്തിന് ഈ ആന്തരികസംഘർഷത്തെപ്പറ്റി അറിയില്ലല്ലോ. അറിഞ്ഞിരുന്നു എങ്കിൽ എന്ന് ചോദിക്കുന്നതിൽ അർത്ഥമില്ല. സംഗതി വടശ്ശേരി സതീശൻജി ആയത് കൊണ്ടുതന്നെ അറിഞ്ഞിട്ടും വലിയ പ്രയോജനമൊന്നുമുണ്ടാവില്ല.
ഇങ്ങനെ ആളുകളെ നിരത്തിലിറങ്ങാൻ സമ്മതിക്കാതെ സഞ്ചരിക്കുന്ന മുഖ്യമന്ത്രി, ആളുകളുടെ സ്വൈര്യത്തിന് വീട്ടിൽ തന്നെ ഇരിക്കുന്നതാണ് നല്ലതെന്ന് സതീശൻജി ഒരിക്കൽ ഉപദേശിച്ചതാണ് പിണറായി സഖാവിനെക്കൊണ്ട് ആ നഗ്നസത്യം പറയിപ്പിച്ചത്. താൻ വീട്ടിൽത്തന്നെ ഇരിക്കണമെന്ന് പറയാൻ സതീശൻജി ആരാണ്. പഴയ വിജയനാണെങ്കിൽ അപ്പോൾത്തന്നെ മറുപടി പറഞ്ഞേനെ എന്നാണ് സതീശൻജിയോട് പിണറായി സഖാവ് പറഞ്ഞത്. പുതിയ വിജയന് പറയാനുള്ള പരിമിതികളെപ്പറ്റി അദ്ദേഹം തികഞ്ഞ ബോധവാനാണ്.
പുതിയ വിജയനാണ് ഇപ്പോൾ ആ അകക്കാമ്പിൽ അപ്രമാദിത്വം. പഴയ വിജയൻ തള്ളിത്തള്ളി പുതിയ വിജയനെ അടിച്ചിരുത്താൻ ശ്രമിക്കുന്നുണ്ടെങ്കിലും അത്രകണ്ട് വിജയിക്കുന്നില്ല. വടശ്ശേരി സതീശൻജി പറഞ്ഞത് ഏത് വിജയനായാലും പേടിയില്ല എന്നാണ്. അത് പഴയ വിജയനെ അദ്ദേഹം ശരിക്കും കണ്ടിട്ടില്ലാത്തത് കൊണ്ടായിരിക്കാം.
പക്ഷേ, ഇതേ നിയമസഭയിൽ തന്നെ പഴയ വിജയൻ പുതിയ വിജയനെ അടിച്ചിരുത്തുന്ന കാഴ്ച കഴിഞ്ഞ ദിവസം കാണുകയുണ്ടായി. പാന്റും ഷർട്ടും കണ്ണടയുമൊക്കെ വച്ച് പരിഷ്കാരിയായി നടക്കുന്ന മാത്യു കുഴൽനാടൻജി ആണ് പണിപറ്റിച്ചത്. കുഴൽനാടൻജിക്ക് പഴയ വിജയനെ തീരേ പരിചയമില്ലാത്തതാണ്. അങ്ങനെയൊരു വിജയൻ ഉണ്ടോ എന്നുപോലും അദ്ദേഹത്തിന് നിശ്ചയമില്ല.
അതുകൊണ്ടെന്തുണ്ടായി എന്നല്ലേ. കുഴൽനാടൻ പുതിയ വിജയനെ നോക്കി അതുമിതുമൊക്കെ പറഞ്ഞു. ഇതോടെയാണ് പഴയ വിജയൻ സകല ശക്തിയുമെടുത്ത് പുതിയ വിജയനെ തള്ളിമാറ്റി പുറത്തേക്ക് വന്നത്. കുഴൽനാടൻ ഇതുവരെ കണ്ടിട്ടില്ലാത്തത് കാരണം പഴയ വിജയന്റെ മാഹാത്മ്യത്തെക്കുറിച്ച് ചിന്തിക്കാതെ പിന്നെയും എന്തൊക്കെയോ പറഞ്ഞു എന്നതാണ് നാട്ടിലിപ്പോൾ ആളുകൾ അദ്ഭുതത്തോടെ ചർച്ച ചെയ്യുന്നത്. കലികാലം എന്നല്ലാതെ എന്ത് പറയാൻ!
മദ്യത്തിന് ഏർപ്പെടുത്തിയ വിലക്കും ഖാദി നിർബന്ധമായിരുന്നതും കോൺഗ്രസ് ഭരണഘടനയിൽ നിന്നൊഴിവാക്കി എന്ന് ധീരവീരനും മഹാത്മഗാന്ധിയെ മുറുകെ പിടിച്ചയാളുമായ സുധീരൻജി പരിഭവിക്കുന്നു. മഹാത്മഗാന്ധിയെ പിടിച്ച കോൺഗ്രസും മഹാത്മഗാന്ധിയെ പിടിച്ച സുധീരനും ഒരുമിച്ച് വന്നാൽ മഹാത്മഗാന്ധിയെ പിടിച്ച സുധീരനാണ് ശക്തി കൂടുതൽ എന്ന് നമുക്ക് തിരിച്ചറിയാൻ സാധിക്കും. ആ പിടി വിടുവിക്കാൻ വലിയ പ്രയാസമാണ്. പിടി വിടാനും വയ്യ, വിടാതിരിക്കാനും വയ്യ എന്നതാണ് കോൺഗ്രസിന്റെയെന്നത് പോലെ സുധീരൻജിയുടെയും അവസ്ഥ എങ്കിലും കോൺഗ്രസ് ഒരുവിധം പിടിവിടുവിക്കുന്നതിൽ വിജയം വരിച്ചിട്ടുണ്ടെന്ന് ചിലയാളുകൾ പറയുന്നുണ്ട്. സത്യമാണോ എന്നുറപ്പില്ല.
കോൺഗ്രസിന്റെ ഭരണഘടനയിൽ അങ്ങനെ മദ്യവർജനം ഉപേക്ഷിച്ചിട്ടൊന്നുമില്ല എന്നും സുധീരൻജിക്കുള്ളത് തെറ്റിദ്ധാരണയാണെന്നും വേറേ ചില കോൺഗ്രസുകാർ പറയുന്നുണ്ട്. ഖാദി വേണ്ടാ എന്നും പറഞ്ഞിട്ടില്ല എന്നാണ് ഇക്കൂട്ടരുടെ വാദം.
ശരിക്കും പറഞ്ഞാൽ ലഹരിവർജനം ആണ് കോൺഗ്രസ് പറയുന്നത്. മദ്യവർജനം അങ്ങനെ പേരെടുത്ത് പറയേണ്ട കാര്യമല്ല. ഉപ്പിന് നികുതി കൂട്ടിക്കൂട്ടി ബ്രിട്ടീഷുകാർ ദ്രോഹിച്ചപ്പോൾ മഹാത്മാഗാന്ധിയും മറ്റും എന്താണ് ചെയ്തത്. ദണ്ഡികടപ്പുറത്ത് പോയി ഉപ്പ് കുറുക്കി. ഇന്നിപ്പോൾ മദ്യത്തിന്റെ അവസ്ഥയെന്താണ്. മദ്യത്തിന് നികുതി കൂട്ടിക്കൊണ്ടേയിരിക്കുന്നു. ചോദിക്കാനും പറയാനും ആരുമില്ലാത്ത അവസ്ഥ. അപ്പോൾ സ്വന്തമായി മദ്യം വാറ്റി സമരം ചെയ്യാനാണ് നമ്മൾ ശ്രമിക്കേണ്ടത്. കോൺഗ്രസിന്റെ പാരമ്പര്യം അങ്ങനെയാണ് നിലനിറുത്തേണ്ടത്. സുധീരൻജി ഇക്കാര്യം മനസിലാക്കിയാൽ തീരുന്നതേയുള്ളൂ പ്രശ്നം.
ഇ-മെയിൽ: dronar.keralakaumudi@gmail.com