ആറ്റുകാൽ പൊങ്കാല: അന്യസംസ്ഥാന കവർച്ചാസംഘങ്ങൾ നിരീക്ഷണത്തിൽ
തിരുവനന്തപുരം: മുൻവർഷങ്ങളെ അപേക്ഷിച്ച് ആറ്റുകാൽ പൊങ്കാലയ്ക്ക് വൻ ഭക്തജനത്തിരക്ക് പ്രതീക്ഷിച്ചിരിക്കെ അന്തർ സംസ്ഥാന കവർച്ചാസംഘങ്ങൾക്കെതിരെ പൊലീസ് നടപടി ശക്തമാക്കി. മാല പൊട്ടിക്കൽ, പഴ്സ് മോഷണം തുടങ്ങിയവ അമർച്ച ചെയ്യുന്നതിന്റെ ഭാഗമായി തമിഴ്നാട്,കർണാടക എന്നിവിടങ്ങളിൽ നിന്നുള്ള അന്തർ സംസ്ഥാന കുറ്റവാളികളുടെ ഫോട്ടോകൾ ക്ഷേത്ര പരിസരത്തും പ്രധാന ജംഗ്ഷനുകളിലും ബസ് സ്റ്റേഷനുകളിലും റെയിൽവേ സ്റ്റേഷനിലും പൊലീസ് സ്ഥാപിച്ചു.
പൊലീസിന്റേതുൾപ്പെടെ വിവിധ സമൂഹ മാദ്ധ്യമ ഗ്രൂപ്പുകളിലും രണ്ട് ഡസനിലധികം സ്ത്രീകളുൾപ്പെടെയുള്ള സ്ഥിരം കുറ്റവാളികളുടെ ഫോട്ടോകളും വീഡിയോകളും പ്രചരിപ്പിച്ചിട്ടുണ്ട്. തമിഴ്നാട്ടിലെ തിരുട്ട് ഗ്രാമങ്ങളിൽ നിന്ന് ആറ്റുകാൽ ഉത്സവ സമയത്ത് അന്യ സംസ്ഥാനക്കാരായ മാലപൊട്ടിക്കൽ സംഘങ്ങൾ കൂട്ടമായി തലസ്ഥാനത്തെത്തുക പതിവാണ്. കൊവിഡിനുശേഷം നടക്കുന്ന ആദ്യപൊങ്കാലയായതിനാൽ പൊങ്കാല ദിവസവും തലേന്നും വൻഭക്തജനത്തിരക്കാണ് പ്രതീക്ഷിക്കുന്നത്. ക്ഷേത്ര ശ്രീകോവിലിൽ തൊഴാനെത്തുന്നവരുടെ ക്യൂവിലും ഭക്തർ പൊങ്കാലയ്ക്കായി തമ്പടിക്കുന്ന കേന്ദ്രങ്ങളിലുമെല്ലാം കവർച്ചാസംഘങ്ങൾ തിക്കും തിരക്കുമുണ്ടാക്കി ആഭരണങ്ങളും വിലപിടിപ്പുള്ള വസ്തുക്കളും കവരുന്നത് പതിവാണ്.
ഇത് തടയുന്നതിനായി തമിഴ്നാട് ക്യൂബ്രാഞ്ച് പൊലീസിൽ നിന്ന് കന്യാകുമാരി,നാഗർകോവിൽ,ചെങ്കോട്ട എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് എത്താനിടയുള്ള സ്ഥിരം കുറ്റവാളികളുടെ ചിത്രങ്ങളും കവർച്ചാരീതിയും പൊലീസ് ദൃശ്യങ്ങൾ സഹിതം ശേഖരിച്ചിട്ടുണ്ട്. കുറ്റവാളികളെ പിടികൂടിയാൽ പൊങ്കാല കഴിയുംവരെ കരുതൽ തടങ്കലിൽ സൂക്ഷിക്കാനാണ് നീക്കം. മഫ്‌തി പൊലീസിനെയും ഉത്സവത്തിന്റെ ഭാഗമായി വിന്യസിച്ചിട്ടുണ്ട്.
ഗതാഗതം നിയന്ത്രിക്കാനായി വൺവേ സംവിധാനം, നോ പാർക്കിംഗ് സംവിധാനം എന്നിവയും കർശനമായി നടപ്പാക്കും. നഗരത്തിൽ പൊലീസിന്റേത് കൂടാതെ റസിഡന്റ്സ് അസോസിയഷനുകൾ,വ്യാപാര സ്ഥാപനങ്ങൾ,മോട്ടോർ വാഹന വകുപ്പ്,റോഡ് സേഫ്റ്റി എന്നിവയുടെ കാമറകളും നിരീക്ഷിക്കും. തിരക്കേറിയ കേന്ദ്രങ്ങൾ, ജംഗ്ഷനുകൾ,ക്ഷേത്ര പരിസരം എന്നിവിടങ്ങളിൽ നിരവധി കാമറകൾ പ്രത്യേകമായും ഘടിപ്പിച്ചിട്ടുണ്ട്. അടിയന്തര സേവനങ്ങളായ ആംബുലൻസ്,ഫയർഫോഴ്‌സ് എന്നീ വാഹനങ്ങളുടെ സുഗമമായ യാത്ര പൊങ്കാല ദിവസം ഉറപ്പുവരുത്താനുള്ള നടപടികളുമുണ്ടാകും. ഇതിനായി ഒരു പ്രത്യേക റൂട്ട് പൊലീസ് നിലനിറുത്തും. ഈ റൂട്ടിൽ പാർക്കിംഗിനും പൊങ്കാലയ്ക്കും അനുവാദമുണ്ടാകില്ല.
പരിശോധന ശക്തമാക്കും
ട്രെയിനുകളിൽ ആർ.പി.എഫും സംസ്ഥാന റെയിൽവേ പൊലീസും പരിശോധനകൾ കടുപ്പിച്ചു. നിരവധി അന്തർ സംസ്ഥാന മോഷണ സംഘങ്ങളെത്താനുള്ള സാദ്ധ്യത കണക്കിലെടുത്ത് തമിഴ്നാട്,കർണാക പൊലീസ് സംഘങ്ങളും കേരള പൊലീസിന്റെ സഹായത്തിനെത്തിയിട്ടുണ്ട്. സംസ്ഥാനങ്ങളിലെ പൊലീസ് ഉദ്യോഗസ്ഥരെയും മഫ്‌തി സ്‌ക്വാഡിൽ ഉൾപ്പെടുത്തും. ബസ്,റെയിൽ സ്റ്റേഷനുകളിൽ ആളുകൾ പുറത്തേക്കിറങ്ങുന്ന സ്ഥലങ്ങളെല്ലാം കാമറ നിരീക്ഷണത്തിലാണ്. ജീപ്പുകളിലെ കാമറകൾക്ക് പുറമേ തോൾ കാമറകളും നിരീക്ഷണത്തിന് ഉപയോഗിക്കും. പൊങ്കാലയ്ക്കായി വിന്യസിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരിൽ നാലിലൊന്ന് എന്ന തോതിൽ വനിതാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.