പൊങ്കാലയ്ക്ക് ഒരുങ്ങി അനന്തപുരി
തിരുവനന്തപുരം: കൊവിഡ് സൃഷ്ടിച്ച രണ്ടുവർഷത്തെ ഇടവേളയ്‌ക്കുശേഷം പൂർണശോഭയോടെ ഇത്തവണ നടക്കുന്ന ആറ്റുകാൽ പൊങ്കാലയ്ക്ക് അനന്തപുരി ഒരുങ്ങിക്കഴിഞ്ഞു. 7നാണ് പൊങ്കാല.
വിവിധ സംഘടനകളുടെ നേതൃത്വത്തിൽ എല്ലാ കവലകളും ദീപാലംകൃതമായി. തമ്പാനൂർ മുതൽ നഗരത്തിന്റെ പ്രധാന കോണുകളിലെല്ലാം ആറ്റുകാലമ്മയുടെ വർണചിത്രം പൂജിക്കാനുള്ള പീഠങ്ങളൊരുക്കി. ഇന്നുമുതൽ മൂന്നുനാൾ ഇവയ്ക്ക് മുന്നിൽ വിളക്കും പൂക്കളുമർപ്പിച്ച് വണങ്ങുന്നതാണ് ആരാധനാരീതി. 7ന് പൊങ്കാലയ്ക്കുശേഷം പീഠങ്ങൾ ഇളക്കും. വർണക്കടലാസുകളും തുണിയും ഉപയോഗിച്ച് ക്ഷേത്രമാതൃകയിലാണ് പൂജാപീഠങ്ങളൊരുക്കുന്നത്. ഇവയിൽ വർണവിളക്കുകൾ പ്രഭ ചൊരിയുന്നതിനൊപ്പം ഉച്ചഭാഷിണികളിലൂടെ ദേവീ സ്‌തുതികളും ഉയരും. ഇത്തരം പൂജാപീഠങ്ങൾ കേന്ദ്രീകരിച്ചാണ് ഭക്തസംഘടനകൾ പൊങ്കാലയുടെ ആഘോഷവും ഭക്തർക്കുവേണ്ട മറ്റ് ക്രമീകരണങ്ങളും ഒരുക്കുന്നത്. വിവിധ റസിഡന്റ്‌സ് അസോസിയേഷനുകളും ഭക്തസംഘടനകളും എല്ലായിടത്തും പൊങ്കാലയുടെ വിളംബരം ഒരുക്കിയിട്ടുണ്ട്. നഗരാതിർത്തിയിലെ 25ഓളം ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് ഭക്തർ പൊങ്കാലയിടുമെന്നാണ് നഗരസഭ പ്രതീക്ഷിക്കുന്നത്. എല്ലായിടത്തും വിവിധ സംഘടനകൾ അന്നദാനവും നടത്തും.