മെഡിക്കൽ വെയർഹൗസ് നോക്കുകുത്തി... നീതി മെഡി. സ്റ്റോറുകളിലേക്ക് മരുന്ന് വാങ്ങുന്നതിൽ 'അനീതി'

Sunday 05 March 2023 12:09 AM IST

ആലപ്പുഴ: സഹകരണ സംഘങ്ങളുടെ കീഴിലുള്ള നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക്, സംഘം ഭാരവാഹികളുടെ താത്പര്യപ്രകാരം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മരുന്നു വാങ്ങുന്നത് കൺസ്യൂമർഫെഡിന് കോടികളുടെ നഷ്ടമുണ്ടാക്കുന്നു. കൺസ്യൂമർഫെഡിന്റെ നിയന്ത്രണത്തിലുള്ള മെഡിക്കൽ വെയർഹൗസിനെ നോക്കുകുത്തിയാക്കി പർച്ചേസ് മാനുവൽ പാലിക്കാതെ മരുന്നു വാങ്ങുന്നതിലൂടെ വൻ തുക കമ്മിഷനായി ലഭിക്കുന്നുണ്ടെന്നും ആരോപണമുണ്ട്.

ആലപ്പുഴ ഇരുമ്പ്പാലത്തിന് പടിഞ്ഞാറു ഭാഗത്താണ് വെയർഹൗസ് പ്രവർത്തിക്കുന്നത്. നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് ആവശ്യമായ മരുന്ന് പൂർണമായും വെയർഹൗസിൽ നിന്ന് വാങ്ങണമെന്നാണ് നിബന്ധന. ഓർഡർ ചെയ്യുന്ന മരുന്ന് ഇവിടെ ഇല്ലെങ്കിൽ ഡിപ്പോ മാനേജരുടെ ശുപാർശ സഹിതം സഹകരണ അസി.രജിസ്ട്രാറുടെ അനുമതിയോടെ വേണം സ്വകാര്യ സ്ഥാപനങ്ങളിൽ നിന്ന് മരുന്ന് വാങ്ങേണ്ടത്. എന്നാൽ നിലവിൽ ഇതൊന്നും പാലിക്കാതെയാണ് നീതി സ്റ്റോറുകളെ നിയന്ത്രിക്കുന്ന സഹകരണ സംഘങ്ങൾ മരുന്ന് വാങ്ങുന്നത്. നിയമം മറികടന്ന് മരുന്ന് വാങ്ങിയാലും പരിശോധനയ്ക്കെത്തുന്നവർ കമ്മിഷനിൽ ഒരു പങ്കു പറ്റുന്നതിനാൽ മറ്റു നടപടികൾ ഒന്നുമുണ്ടാവില്ലത്രെ. ജില്ലയിൽ ആറ് താലൂക്കുകളിലായി 58 സഹകരണ സംഘങ്ങളുടെ കീഴിൽ 59 നീതിമെഡിക്കൽ സ്റ്റോറുകളുണ്ട്.

കഴിഞ്ഞ വർഷത്തെ ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിൽ വെയർഹൗസിൽ നിന്ന് ജില്ലയിലെ നീതി മെഡിക്കൽ സ്റ്റോറുകളിലേക്ക് വാങ്ങിയത് 1.59 കോടിയുടെ മരുന്നാണ്. വിറ്റുവരവ് 8.57 കോടിയും. അരൂർ മേഖലയിലെ ഒരു നീതി മെഡിക്കൽ സ്റ്റോറിർ വാങ്ങിയത് 2.19 ലക്ഷത്തിന്റെ മരുന്നാണ്. ഇവരുടെ വിറ്റുവരവ് 10.33 ലക്ഷം. അതായത്, വെയർഹൗസിൽ നിന്ന് വാങ്ങുന്നതിനേക്കാൾ വലിയ അളവിൽ പുറത്തു നിന്ന് മരുന്ന് വാങ്ങുന്നുണ്ട്.

# വെയർഹൗസ് പൂട്ടിയേക്കും

ഇപ്പോഴത്തെ സ്ഥിതി തുടർന്നാൽ മെഡിക്കൽ വെയർഹൗസിന് വൈകാതെ താഴ് വീഴും. സ്റ്റോക്ക് ചെയ്തിട്ടുള്ള മരുന്നുകളുടെ കാലാവധി തീരുന്നതോടെ കോടികളുടെ നഷ്ടമാണ് കൺസ്യൂമർ ഫെഡിന് ഉണ്ടാകുന്നത്. അമ്പലപ്പുഴ- 10.7 ശതമാനം, കുട്ടനാട്- 17.8 ശതമാനം, ചേർത്തല- 22.9 ശതമാനം, കാർത്തികപ്പള്ളി- 18.1ശതമാനം, മാവേലിക്കര- 10.6 ശതമാനം, ചെങ്ങന്നൂർ- 25 ശതമാനം എന്നിങ്ങനെയാണ് മെഡിക്കൽ വെയർഹൗസിൽ നിന്ന് മരുന്ന് വാങ്ങുന്നത്. ബാക്കി മരുന്ന് നിയമം പാലിക്കാതെ പുറത്തുനിന്ന് വാങ്ങുന്നുവെന്നാണ് ആക്ഷേപം.

# പൊതുവിപണിയെ പിടിച്ചുനിറുത്തി

പൊതുമാർക്കറ്റിൽ മരുന്ന് വില നിയന്ത്രിക്കാനും സാധാരണക്കാർക്ക് ആശ്വാസം പകരാനും മുഖ്യമന്ത്രി പിണറായി വിജയൻ, മുമ്പ് സഹകരണ വകുപ്പിന്റെ ചുമതല വഹിച്ചിരുന്നപ്പോഴാണ് സഹകരണ സംഘങ്ങളുടെ കീഴിൽ നീതി മെഡിക്കൽ സ്റ്റോർ സ്ഥാപിച്ചത്. 40 ശതമാനം വരെ വിലകുറച്ച് ജീവൻ രക്ഷാമരുന്നുകൾ നീതി മെഡിക്കൽ സ്റ്റോറുകളിൽ ലഭ്യമായപ്പോൾ പൊതുമാർക്കറ്റിൽ മരുന്നുകളുടെ വിലയിടിഞ്ഞു. എം.ആർ.പി നിരക്കിനേക്കാൾ വിലകുറച്ച് മരുന്ന് പൊതുമാർക്കറ്റിൽ ലഭിക്കാൻ തുടങ്ങി.

...............................

നീതി മെഡിക്കൽ സ്റ്റോറുകൾ

(താലൂക്ക്, എണ്ണം)

അമ്പലപ്പുഴ...............6

ചേർത്തല................19

കുട്ടനാട്....................1

കാർത്തികപ്പള്ളി.......16

മാവേലിക്കര............11

ചെങ്ങന്നൂർ..............6

..............................

മെഡിക്കൽ വെയർഹൗസിൽ നിന്നുള്ള മരുന്ന് വിതരണം: 1.59 കോടി

സംഘങ്ങളുടെ വിറ്റുവരവ്: 8.57 കോടി