ഉദ്ഘാടകനെ കാത്ത് കിടക്കരുത്

Sunday 05 March 2023 12:20 AM IST

പൂർത്തിയായി ഒരു വർഷം കഴിഞ്ഞിട്ടും കൊച്ചി വാട്ടർ മെട്രോ ഉദ്ഘാടകനെ കാത്ത് പ്രവർത്തനം തുടങ്ങാതെ കിടക്കുന്നത് ന്യായീകരിക്കാനാവില്ല. ഇത് വരുത്തിവയ്ക്കുന്ന അസൗകര്യങ്ങളും ദേശീയനഷ്ടവും ചില്ലറയല്ല. ഏഴ് അത്യാധുനിക വെെദ്യുത ബോട്ടുകൾ, ആറ് ടെർമിനലുകൾ, കോടികൾ ചെലവഴിച്ച അനുബന്ധ സംവിധാനങ്ങൾ എന്നിവയെല്ലാം വെറുതെ കിടക്കുകയാണ്. വൈദ്യുത ബോട്ടിന് ഒരെണ്ണത്തിന് ഏഴരക്കോടിയോളമാണ് വില. കഴിഞ്ഞവർഷം മാർച്ചിൽ ട്രയൽ റൺ കഴിഞ്ഞതാണ്. 70 ജീവനക്കാർക്ക് പ്രതിമാസം 21ലക്ഷം രൂപവീതം ശമ്പളം കൊടുത്തുകൊണ്ടിരിക്കുന്നു. അതിന്റെ യാതൊരു പ്രയോജനവും ജനങ്ങൾക്ക് ലഭിക്കുന്നുമില്ല.

കേന്ദ്രത്തിലും സംസ്ഥാനത്തിനും തുല്യപങ്കാളിത്തമുള്ള പദ്ധതിയാണിത്. സർവീസിന് സജ്ജമാണെന്ന് കൊച്ചി മെട്രോ എം.ഡി മാസങ്ങൾക്ക് മുമ്പേ സംസ്ഥാന സർക്കാരിനെ അറിയിച്ചതാണ്. ഒരു വർഷമായി പ്രധാനമന്ത്രിയുടെ സൗകര്യം കാത്ത് ഉദ്ഘാടനം നീളുകയാണ്. പ്രസി‌ഡന്റ് കൊച്ചിയിലെത്തുമ്പോൾ ഉദ്ഘാടനം നടത്താനാണ് ഏറ്റവുമൊടുവിൽ ശ്രമിക്കുന്നതെങ്കിലും ഇക്കാര്യത്തിലും ഇതുവരെ അനുമതിയൊന്നും ലഭിച്ചിട്ടില്ല. സ്വകാര്യമേഖലയിലായിരുന്നു ഇൗ മെട്രോയെങ്കിൽ അവർ കോടതിയിൽ പോയി അനുമതി വാങ്ങുമായിരുന്നു. ഇത് ജനങ്ങളുടെ നികുതിപ്പണമാണ് ചെലവഴിച്ചിരിക്കുന്നത് എന്നതിനാൽ ആർക്കും ഒരു ചേതവുമില്ല. കൈക്കൂലി വാങ്ങുന്നതും സർക്കാർ പണം കട്ടെടുക്കുന്നതും മാത്രമല്ല അഴിമതി. ഇതുപോലെ ഒരു വർഷം വെറുതെയിട്ട് പണം വരവ് തടയുന്നതും അഴിമതിയായി തന്നെ കണക്കാക്കണം. ഉദ്ഘാടന കാര്യം തീരുമാനിക്കേണ്ടത് മുഖ്യമന്ത്രിയുടെ ഒാഫീസാണ്. പ്രധാനമന്ത്രിയെ ഉദ്ഘാടകനായി കിട്ടിയില്ലെങ്കിൽ മറ്റ് പ്രമുഖ കേന്ദ്രമന്ത്രിമാരെ പരിഗണിക്കാവുന്നതാണ്. അതല്ലെങ്കിൽ കേന്ദ്രത്തിന്റെ അനുമതിയോടെ മുഖ്യമന്ത്രിക്ക് തന്നെ ഉദ്ഘാടനം നിർവഹിക്കാം. ഇതൊന്നുമല്ലെങ്കിൽ ഒൗപചാരികമായ ഉദ്ഘാടനം പിന്നീട് നടത്താമെന്നും സർവീസ് തുടങ്ങട്ടെ എന്നും മുഖ്യമന്ത്രിയുടെ ഒാഫീസിന് തീരുമാനിക്കാമായിരുന്നു. ഇതൊന്നും ഉണ്ടായിട്ടില്ല. ഇതൊക്കെയാണ് ക്രിയാത്മക പ്രതിപക്ഷം ചൂണ്ടിക്കാണിക്കേണ്ടത്. മറ്റ് കൃത്യാന്തരബാഹുല്യത്താൽ അവർക്കും അതിന് സമയം കിട്ടുന്നില്ല.

കൊല്ലത്തെ ബൈപാസ് പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്യുന്നതിന് മുമ്പുതന്നെ തുറന്നുകൊടുത്തിരുന്നു. അതിന്റെ പേരിൽ ഉദ്ഘാടനത്തിന്റെ പ്രൗ‌ഢിയൊന്നും കുറഞ്ഞതുമില്ല. ആ മാതൃക കൊച്ചി വാട്ടർ മെട്രോയുടെ കാര്യത്തിലും പിന്തുടരാവുന്നതാണ്. കൊച്ചി വാട്ടർ മെട്രോയുടെ ആദ്യ സർവീസ് ഹൈക്കോടതി-വെെപ്പിൻ റൂട്ടിൽ നിശ്ചയിച്ചിട്ട് അഞ്ച് മാസമായി. വൈറ്റില-കാക്കനാട് റൂട്ടിൽ കഴിഞ്ഞ മാർച്ചിൽ ട്രയൽ റൺ കഴിഞ്ഞതാണ്. വെെറ്റില, കാക്കനാട്,ഹൈക്കോടതി,വെെപ്പിൻ,ബോൾഗാട്ടി ടെർമിനലുകളും റെഡിയാണ്. 743 കോടിയുടേതാണ് പദ്ധതി. പൂർണതോതിലാകുമ്പോൾ 76 കിലോമീറ്റർ ദൂരം കവർചെയ്യും. 15 റൂട്ടുകളുണ്ടാകും. 38 ടെർമിനലുകളും. സർവീസ് തുടങ്ങാത്തതിനാൽ ഇപ്പോൾ ബോട്ടുകൾ കേടാകാതിരിക്കാൻ ഉച്ചയ്ക്ക് ഒന്ന് മുതൽ ആറുവരെ ആളെ കയറ്റാതെ ആറ് ട്രയൽ സർവീസുകൾ ഹൈക്കോടതി-വൈപ്പിൻ,വൈറ്റില - കാക്കനാട് റൂട്ടുകളിൽ നടത്തുന്നു. ഇത് ആളുകളെ ഫ്രീയായി കയറ്റി നടത്തിയിരുന്നെങ്കിൽ അത്രയെങ്കിലും ഗുണം ജനങ്ങൾക്ക് ലഭിച്ചേനെ. റെയിൽ മെട്രോയും വാട്ടർമെട്രോയും റോഡ് ഗതാഗതവും ഒന്നുപോലെയുള്ള ലോകത്തെ അപൂർവം നഗരങ്ങളിലൊന്നാണ് കൊച്ചി. ഇത് പുതിയ ഡിജിറ്റൽ ലോകമാണ്. വെർച്വലായും പ്രധാന വ്യക്തികൾക്ക് ഉദ്ഘാടനം നടത്താം. എന്തായാലും ഇക്കാര്യത്തിൽ ഒരു തീരുമാനം മുഖ്യമന്ത്രിയുടെ ഒാഫീസിൽനിന്ന് വെെകാതെ ഉണ്ടാകണം.