ഇന്ത്യയുടെ കാര്യത്തിൽ ശുഭാപ്തി വിശ്വാസം: ബിൽ ഗേറ്റ്സ്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം ഇന്ത്യയുടെ പുരോഗതിയിൽ കൂടുതൽ ശുഭാപ്തി വിശ്വാസമുണ്ടായെന്ന് മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്സ്. കൂടിക്കാഴ്ചയ്ക്കു ശേഷം ബ്ലോഗിലാണ് ബിൽ ഗേറ്റ്സ് ഇക്കാര്യം വ്യക്തമാക്കിയത്. ആരോഗ്യം,വികസനം,കാലാവസ്ഥ എന്നിവയിൽ ഇന്ത്യ കൈവരിക്കുന്ന പുരോഗതിയെക്കുറിച്ച് കൂടുതൽ ശുഭാപ്തി വിശ്വാസം ലഭിച്ചു. ബിൽ ഗേറ്റ്സിനെ കാണാനും ചർച്ചകൾ നടത്താനും സാധിച്ചതിൽ സന്തോഷമുണ്ടെന്ന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു. മികച്ചതും സുസ്ഥിരിവുമായ ലോകം സൃഷ്ടിക്കാനുള്ള അഭിനിവേശം അദ്ദേഹത്തിനുണ്ടെന്നും മോദി പറഞ്ഞു.
ലോകം വെല്ലുവിളികൾ നേരിടുന്ന ഇക്കാലത്ത് ഇന്ത്യയെപ്പോലെ ചലനാത്മകവും ക്രിയാത്മകവുമായ സ്ഥലം സന്ദർശിക്കുന്നത് പ്രചോദനകരമാണ്. സുരക്ഷിതവും ഫലപ്രദവുമായ വാക്സിനുകൾ നിർമ്മിക്കാനുള്ള കഴിവ് ഇന്ത്യയ്ക്കുണ്ട്. ചിലതിന് ഗേറ്റ്സ് ഫൗണ്ടേഷന്റെ പിന്തുണയുണ്ട്. ഇന്ത്യൻ വാക്സിനുകൾ ദശലക്ഷക്കണക്കിന് ആളുകളുടെ ജീവൻ രക്ഷിച്ചെന്നും ബിൽ ഗേറ്റ്സ് പറഞ്ഞു.