ഫിലിപ്പീൻസിൽ പ്രവിശ്യാ ഗവർണർ അടക്കം ആറ് പേർ വെടിയേറ്റ് മരിച്ചു

Sunday 05 March 2023 6:44 AM IST

മനില : മദ്ധ്യ ഫിലിപ്പീൻസിൽ ഒരു പ്രവിശ്യാ ഗവർണർ അടക്കം ആറ് പേർ അജ്ഞാതരുടെ വെടിയേറ്റ് കൊല്ലപ്പെട്ടു. നീഗ്രോസ് ഓറിയെന്റൽ പ്രവിശ്യയിലെ ഗവർണറായ റൊയൽ ഡെഗാമോയും ( 56 ) പ്രദേശവാസികളുമാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റ ചിലരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്നലെ പാം‌പ്‌ലോന പട്ടണത്തിലുള്ള ഡെഗാമോയുടെ വസതിയിലായിരുന്നു സംഭവം. ഡെഗാമോ അണികൾക്ക് സഹായ വിതരണം നടത്തുന്നതിനിടെ ഇവിടേക്ക് റൈഫിളുകളുമായി അതിക്രമിച്ച് കടന്ന ആറംഗ സംഘം വെടിവയ്പ് നടത്തുകയായിരുന്നു. കഴിഞ്ഞ വർഷത്തെ പ്രാദേശിക തിരഞ്ഞെടുപ്പിന് ശേഷം ഫിലിപ്പീൻസിൽ വെടിയേൽക്കുന്ന മൂന്നാമത്തെ രാഷ്ട്രീയ നേതാവാണ് ഡെഗാമോ. ആക്രമണത്തെ അപലപിച്ച പ്രസിഡന്റ് ഫെർഡിനന്റ് മാർക്കോസ് ജൂനിയർ കൊലയാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുമെന്ന് പ്രഖ്യാപിച്ചു. കഴിഞ്ഞ മാസം,​ തെക്കൻ പ്രവിശ്യയായ ലനാവോ ഡെൽ സറിലെ ഗവർണർക്ക് വെടിവയ്പിൽ പരിക്കേൽക്കുകയും അദ്ദേഹത്തിന്റെ ഡ്രൈവർക്കും മൂന്ന് പൊലീസുകാർക്കും ജീവൻ നഷ്ടമാവുകയും ചെയ്തു. വടക്കൻ പട്ടണമായ അപാരിയിൽ വൈസ് മേയറുൾപ്പെടെ ആറ് പേർ ഹൈവയിൽ വച്ചുണ്ടായ വെടിവയ്പിൽ കൊല്ലപ്പെട്ടിരുന്നു.