ബംഗ്ലാദേശിൽ ഓക്സിജൻ പ്ലാന്റിൽ വൻ സ്ഫോടനം : 6 മരണം

Sunday 05 March 2023 6:44 AM IST

ധാക്ക : ബംഗ്ലാദേശിൽ തുറമുഖ നഗരമായ ചിറ്റഗോങ്ങിൽ നിന്ന് 40 കിലോമീറ്റർ അകലെ തെക്ക് കിഴക്കായുള്ള സീതാകുണ്ഡയിലെ ഓക്സിജൻ പ്ലാന്റിൽ വൻ സ്ഫോടനം. 6 പേർ കൊല്ലപ്പെട്ടു. 32 പേർക്ക് പരിക്കേറ്റു. ഇന്നലെ പ്രാദേശിക സമയം വൈകിട്ട് 4.30ഓടെയായിരുന്നു പൊട്ടിത്തെറി. പിന്നാലെ പ്ലാന്റിൽ വൻ തീപിടിത്തമുണ്ടായി. ഇന്നലെ രാത്രി വൈകിയും മേഖലയിൽ രക്ഷാപ്രവർത്തനം തുടർന്നു. മരണ സംഖ്യ ഇനിയും ഉയരുമെന്ന് അധികൃതർ അറിയിച്ചു.

സ്ഫോടനത്തിന്റെ കാരണം വ്യക്തമല്ല. സ്ഫോടനത്തിന്റെ ശബ്ദം രണ്ട് കിലോമീറ്റർ അകലെ വരെ കേട്ടതായി പ്രദേശവാസികൾ പറയുന്നു. കഴിഞ്ഞ ജൂണിൽ ഇതേ മേഖലയിലെ ഒരു സ്വകാര്യ ഷിപ്പിംഗ് കണ്ടെയ്‌നർ ഡിപ്പോയിലുണ്ടായ വൻ തീപിടിത്തത്തിൽ അഗ്നിശമന സേനാംഗങ്ങൾ അടക്കം 50ഓളം പേർ മരിച്ചിരുന്നു.