ബൈഡന്റെ ത്വക്കിൽ നിന്ന് കാൻസർ കോശങ്ങൾ നീക്കി
വാഷിംഗ്ടൺ : യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ത്വക്കിൽ നിന്ന് കാൻസർ ബാധയുള്ള കോശങ്ങൾ പൂർണമായി നീക്കം ചെയ്തെന്ന് വെളിപ്പെടുത്തി വൈറ്റ് ഹൗസ്. സ്ഥിരമായി നടത്തിവരുന്ന പരിശോധനയ്ക്കിടെയാണ് ബൈഡന്റെ നെഞ്ചിലെ ത്വക്കിൽ രൂപപ്പെട്ട കാൻസർ കോശങ്ങൾ കണ്ടെത്തിയത്. നിലവിൽ ബൈഡന് യാതൊരുവിധ ആരോഗ്യ പ്രശ്നങ്ങളില്ലെന്നും തുടർ ചികിത്സയുടെ ആവശ്യമില്ലെന്നും വൈറ്റ്‌ഹൗസ് ഡോക്ടർ കെവിൻ ഒ കോണർ അറിയിച്ചു. എന്നിരുന്നാലും സ്ഥിരമായി നൽകിവരുന്ന ആരോഗ്യ നിരീക്ഷണം തുടരും. ഫെബ്രുവരിയിൽ നടത്തിയ പരിശോധനകൾക്ക് പിന്നാലെ 80കാരനായ ബൈഡൻ ഔദ്യോഗിക ജോലികൾ നിറവേറ്റാൻ പൂർണ ആരോഗ്യവാനാണെന്ന് വൈറ്റ്‌ഹൗസ് അറിയിച്ചിരുന്നു. വാഷിംഗ്ടണിലെ വാൾട്ടർ റീഡ് നാഷണൽ മിലിട്ടറി മെഡിക്കൽ സെന്ററിൽ വച്ച് ഫെബ്രുവരി 16നായിരുന്നു കാൻസർ രൂപപ്പെട്ട ചർമ്മ ഭാഗം നീക്കം ചെയ്തത്. ബയോപ്സി നടത്തിയെന്നും ചർമ്മത്തിലെ മുറിവ് ഉണങ്ങിയെന്നും കെവിൻ വ്യക്തമാക്കി. ബൈഡന്റെ ചർമ്മത്തിൽ കണ്ടെത്തിയത് മറ്റ് ശരീര ഭാഗങ്ങളിലേക്ക് പടരാത്ത ബേസൽ സെൽ കാർസിനോമ എന്ന കാൻസർ വകഭേദമാണെന്നും കെവിൻ പറഞ്ഞു. മെലനോമ പോലുള്ള ഗുരുതര സ്കിൻ കാൻസറിൽ നിന്ന് വ്യത്യസ്തമായി അപകട സാദ്ധ്യത കുറഞ്ഞവയാണ് ബേസൽ സെൽ കാർസിനോമ. ബേസൽ, സ്ക്വാമസ് സെൽ കാർസിനോമകൾ യു.എസിൽ ഏറ്റവും കൂടുതൽ കണ്ടുവരുന്ന രണ്ട് സ്കിൻ കാൻസർ ടൈപ്പുകളാണെന്ന് യു.എസ് സെന്റേഴ്സ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷൻ ( സി.ഡി.സി ) പറയുന്നു. യു.എസിൽ പ്രതിവർഷം ഏകദേശം 36 ലക്ഷം പേരെ ഇവ ബാധിക്കുന്നുണ്ടെന്നാണ് കണക്ക്. താരതമ്യേന സാവധാനം വളരുന്ന ഈ കാൻസർ കോശങ്ങൾ തുടക്കത്തിലേ കണ്ടെത്തിയാൽ അധികം സങ്കീർണതകളില്ലാതെ പൂർണമായും ചികിത്സിച്ച് ഭേദമാക്കാം. എന്നാൽ ഇവയുടെ ചികിത്സ ചെലവേറിയതാകാമെന്ന് സി.ഡി.സി പറയുന്നു. ജനുവരിയിൽ ബൈഡന്റെ പത്നി ജിൽ ബൈഡന്റെ ത്വക്കിൽ നിന്ന് ബേസൽ സെൽ കാർസിനോമ സ്ഥിരീകരിച്ച രണ്ടെണ്ണമുൾപ്പെടെ മൂന്ന് കോശ ഭാഗങ്ങൾ നീക്കം ചെയ്തിരുന്നു. പ്രസിഡന്റ് ആകുന്നതിന് മുമ്പും ബൈഡന് നിരവധി നോൺ - മെലനോമ സ്കിൻ കാൻസറുകൾ നീക്കം ചെയ്തിട്ടുണ്ട്.