നടൻ ടോം സൈസ്മോർ അന്തരിച്ചു
ലോസ്ആഞ്ചലസ് : സേവിംഗ് പ്രൈവറ്റ് റയാൻ, ബ്ലാക്ക് ഹോക്ക് ഡൗൺ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ ഹോളിവുഡ് നടൻ ടോം സൈസ്മോർ(61) അന്തരിച്ചു. വെള്ളിയാഴ്ച കാലിഫോർണിയയിലെ ബർബാങ്കിലുള്ള ആശുപത്രിയിൽ ഉറക്കത്തിനിടെയായിരുന്നു അന്ത്യം. ടോമിന് തലച്ചോറിലെ രക്തക്കുഴൽ വീർക്കുന്ന ബ്രെയിൻ അന്യൂറിസം കണ്ടെത്തിയിരുന്നു. ആരോഗ്യനില ഗുരുതരമായതോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
1961 നവംബർ 29ന് മിഷിഗണിലെ ഡീട്രോയിറ്റിലാണ് ജനനം. ഫിലാഡെൽഫിയയിലെ ടെംപിൾ യൂണിവേഴ്സിറ്റിയിൽ നിന്ന് ബിരുദം നേടിയ അദ്ദേഹം 1989ൽ സിൽവെസ്റ്റർ സ്റ്റലോൺ നായകനായ ലോക്ക് അപ്പിലൂടെയാണ് അഭിനയരംഗത്തേക്ക് കടന്നത്. അന്നേ വർഷം തന്നെ ടോം ക്രൂസിനൊപ്പം ബോൺ ഓൺ ദ ഫോർത്ത് ജൂലായ് എന്ന ചിത്രത്തിലും പ്രത്യക്ഷപ്പെട്ടു.
90കളിൽ നാച്ചുറൽ ബോൺ കില്ലേഴ്സ്, ഡെവിൾ ഇൻ എ ബ്ലൂ ഡ്രെസ്, പോയിന്റ് ബ്രേക്ക്, സ്ട്രേഞ്ച് ഡേയ്സ്, വയാറ്റ് എർപ്, ഹീറ്റ്, ബ്രിങ്ങിംഗ് ഔട്ട് ദ ഡെഡ് തുടങ്ങി ത്രില്ലർ സിനിമകളിൽ കെവിൻ കോസ്റ്റ്‌നർ, ബ്രൂസ് വില്ലിസ്, അൽ പച്ചീനോ, റോബർട്ട് ഡി നീറോ, വാൽ കിൽമർ, ടോം ഹങ്ക്സ്, നിക്കോളാസ് കേജ്, റോബർട്ട് ഡൗണി ജൂനിയർ തുടങ്ങിയ പ്രമുഖ നടൻമാർക്കൊപ്പം ശ്രദ്ധേയമായ പ്രകടനം കാഴ്ചവച്ചു.
മരണം വരെ അഭിനയ രംഗത്ത് സജീവമായിരുന്ന ടോമിനെ സ്വകാര്യ ജീവിതത്തിൽ മയക്കുമരുന്നിന്റെ ഉപയോഗവും വിവാദങ്ങളും നിരന്തരം വേട്ടയാടി. ജയിലിലും പുനരധിവാസ കേന്ദ്രങ്ങളിലും മാറിമാറി കഴിയേണ്ടി വന്നു. 1996ൽ നടി മേവ് ക്വിൻലനെ വിവാഹം ചെയ്തെങ്കിലും മൂന്ന് വർഷത്തിന് ശേഷം വേർപിരിഞ്ഞു. ട്രൂ റൊമാൻസ്, പേൾ ഹാർബർ, യു.എസ്.എസ് ഇന്ത്യാനപൊലീസ്: മെൻ ഒഫ് കറേജ് തുടങ്ങിയവയാണ് മറ്റ് പ്രധാന ചിത്രങ്ങൾ.