തിരക്കുള്ള മെട്രോയ്‌ക്കുള്ളിൽ റീൽസ്, ലൈക്കിന് പകരം പെൺകുട്ടികൾക്ക് ലഭിച്ചത് വമ്പൻ പണി

Sunday 05 March 2023 12:48 PM IST

സമൂഹമാദ്ധ്യമങ്ങളിൽ ലൈക്കിനും വ്യൂസിനുമായി എന്തും ചെയ്യാൻ തയ്യാറാകുന്നവരാണ് ഇന്നത്തെ തലമുറ. ഇത് ചിലപ്പോഴൊക്കെ വലിയ ദുരന്തത്തിൽ കലാശിക്കാറുമുണ്ട്. തിരക്കുള്ള പൊതുയിടങ്ങളിൽ റീൽസ് എടുക്കാനോ ചിത്രങ്ങൾ പകർത്താനോ മടിയില്ലാത്തവാണ് ഇവരിൽ പലരും. ഇത്തരത്തിൽ ഡൽഹി മെട്രോയിൽ നിന്നുള്ള ഒരു വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുകയാണ്. ഇതിനെതിരെ നിരവധി വിമർശനങ്ങളും ഉയരുന്നുണ്ട്.

തിരക്കുള്ള മെട്രോയ്‌ക്കുള്ളിൽ ഒരു പെൺകുട്ടി നൃത്തം ചെയ്യുന്നതും മറ്റൊരു പെൺകുട്ടി മൊബൈൽ ഫോണിൽ ദൃശ്യങ്ങൾ പകർത്തുന്നതും കാണാം. പല ആംഗിളിൽ നിന്ന് പെൺകുട്ടി നൃത്തത്തിന്റെ ദൃശ്യങ്ങൾ ചിത്രീകരിക്കുന്നുണ്ട്. സമീപം നിൽക്കുന്ന മറ്റ് പലരും വീഡിയോ റെക്കാഡ് ചെയ്യുന്നുണ്ട്.

'എന്താണ് ഇത്' എന്ന അടിക്കുറിപ്പോടെ മേജർ ഡി പി സിംഗ് വീഡിയോ ട്വിറ്ററിൽ പങ്കുവച്ചതോടെ നൃത്തത്തിൽ നിരവധി കമന്റുകളാണ് നിറയുന്നത്. ദൃശ്യത്തിന് ഇതുവരെ മുപ്പതിനായിരത്തോളം വ്യൂസും അഞ്ഞൂറോളം കമന്റുകളും ലഭിച്ചു. മുന്നൂറോളം പേരാണ് ഇത് പങ്കുവച്ചത്.

ഇത് പൊതുയിടങ്ങളിൽ മറ്റുള്ളവരെ ശല്യം ചെയ്യുന്ന പ്രവൃത്തിയാണെന്നും ഇവരെ കസ്റ്റഡിയിലെടുക്കണമെന്നും ഒരു ഉപഭോക്താവ് ആവശ്യപ്പെട്ടു.ഡൽഹിയിൽ മിക്കവാറും എല്ലായിടത്തും യുവാക്കൾ ഇത് ചെയ്യാറുണ്ടെന്നും പാർക്കുകൾ, തിയേറ്ററുകൾ, ട്രാഫിക് ജംഗ്‌ഷനുകൾ തുടങ്ങി ഇപ്പോൾ മെട്രോയിൽ വരെ എത്തിയെന്ന് മറ്റൊരാൾ കമന്റ് ചെയ്തു.