നാളികേരം ഉത്പാദനത്തിൽ ഗണ്യമായ കുറവ് നാടൻ തേങ്ങയുടെ രുചി മായുന്നു.

Monday 06 March 2023 12:08 AM IST

കോട്ടയം . 'കേരംതിങ്ങും കേരള നാട്ടിൽ' തേങ്ങ അന്യസംസ്ഥാനത്തുനിന്ന് കൊണ്ടുവരേണ്ട ഗതികേടിലായി. നാടൻതേങ്ങയുടെ പ്രതാപം വിപണിയിലും അസ്തമിക്കുകയാണ്. ഇവിടെ ഉത്പാദനം കുറഞ്ഞതാണ് വരവുതേങ്ങ കൂടുതലായി വിപണിയിലെത്താൻ കാരണം. ഒരു കിലോ തേങ്ങയ്ക്ക് 30മുതൽ 35 വരെയാണ് വില. പാലക്കാടൻ തേങ്ങയും വിപണിയിലുണ്ടെങ്കിലും കൂടുതൽ എത്തുന്നത് തമിഴ്‌നാട്ടിൽ നിന്നാണ്. നാടൻ തെങ്ങുകളും കേരളത്തിൽ ഇപ്പോൾ കുറവാണ്. കൂടുതലും സങ്കരയിനം തെങ്ങിൻതൈകളാണ് കർഷകർ വയ്ക്കുന്നത്. കാലാവസ്ഥ വ്യതിയാനവും നാളികേര കൃഷി പ്രോത്സാഹന പദ്ധതി എങ്ങുമെത്താത്തതും ഉത്പാദനം കുറയാൻ കാരണമായി. ജില്ലയിൽ കുമരകം, വെച്ചൂർ, വൈക്കം, തലയാഴം എന്നിവിടങ്ങളിലാണ് നാളികേരം കൂടുതലായി ഉത്പ്പാദിപ്പിച്ചിരുന്നത്. മലയോര മേഖലകളായ പൊൻകുന്നം, പാലാ, പാമ്പാടി, അയർക്കുന്നം, മണർകാട്, കറുകച്ചാൽ, നെടുംകുന്നം, മണിമല തുടങ്ങിയ പ്രദേശങ്ങളിലും തേങ്ങ വ്യാപകമായി ഉണ്ടായിരുന്നെങ്കിലും ഉത്പാദനം ഗണ്യമായി കുറഞ്ഞു.


നാടൻ തെങ്ങുകളിൽ രോഗബാധ

തേങ്ങ പാകമാകുന്നതിനു മുൻപ് പൊഴിഞ്ഞു പോകുന്നതും കർഷകരെ ദുരിതത്തിലാക്കുന്നു. ഓല ചുരുളുകയാണ് ആദ്യം. പിന്നീട് തെങ്ങിന്റെ മണ്ട നശിക്കൽ, കൂമ്പ് ചീയൽ തുടങ്ങിയവ ഉണ്ടാകും. നാടൻ തെങ്ങുകളിലാണ് രോഗബാധ കൂടുതൽ. മുൻപ് 40 തെങ്ങിൽ നിന്ന് 300, 600 തേങ്ങകൾ വരെ ലഭിച്ചിരുന്നെങ്കിൽ ഇന്ന് 25 ൽ താഴെ മാത്രമാണ് ലഭിക്കുന്നത്. തേങ്ങ ഇടാൻ ആളെ കിട്ടാനുമില്ല. കിട്ടിയാൽ തന്നെ ഒരു തെങ്ങിന് 100 രൂപ വരെ കൊടുക്കണം.

വില വർദ്ധനയുടെ ഗുണം കർഷകനില്ല

നാളികേരത്തിന് വില വർദ്ധിച്ചാലും കർഷകന് ലഭിക്കുന്നത് 15 രൂപയിൽ താഴെയാണ്. കടകളിൽ വില്പനയ്ക്കെത്തുന്ന തേങ്ങയുടെ 80 ശതമാനവും തമിഴ്‌നാട്ടിൽനിന്നാണ്. അവിടെ നിന്ന് കുറഞ്ഞവിലയ്ക്ക് എത്തിച്ച് കൂടിയ വിലയ്ക്ക് വിൽക്കുകയാണ് ഇടനിലക്കാരും മൊത്തക്കച്ചവടക്കാരും ചെയ്യുന്നത്. വിതരണ സംവിധാനത്തിൽ സർക്കാരിന്റെ ഇടപെടൽ വേണമെന്ന ആവശ്യമാണ് കർഷകർ ഉയർത്തുന്നത്.

കർഷകനായ സോജുമോൻ വെച്ചൂർ പറയുന്നു.

മുൻകാലങ്ങളെ അപേക്ഷിച്ച് നാളികേരത്തിന്റെ ഉത്പാദനം കുറഞ്ഞു. ആവശ്യത്തിന് നാളികേരം കിട്ടാത്തത് വില ഉയരാൻ ഇടയാക്കുകയാണ്. നല്ല ഉത്പാദനവും രോഗപ്രതിരോധശേഷിയും ഉണ്ടെങ്കിലും നാടൻ തെങ്ങുകൾക്ക് കായ്ഫലം ഉണ്ടാകാൻ കാലതാമസം എടുക്കും.

Advertisement
Advertisement