ചൂടിൽ കരിഞ്ഞ് വിളകൾ.

Monday 06 March 2023 12:44 AM IST

കോട്ടയം . ''പാട്ടത്തിനെടുത്ത്, കൃഷി ചെയ്ത കുലച്ചു തുടങ്ങിയ വാഴയെല്ലാം കരിഞ്ഞുണങ്ങി, ഏപ്രിൽ അവസാനത്തോടെ വിളവെടുക്കേണ്ടതായിരുന്നു. വാഴ കർഷകനായ വെച്ചൂർ മുരുകേശ് ഭവനത്തിൽ ചന്ദ്രന്റെ വാക്കുകളാണിവ. കാർഷിക മേഖലയിലെ പ്രതിസന്ധികളെ തരണം ചെയ്തുവരുന്നതിനിടെയാണ് കർഷകരുടെ സ്വപ്‌നങ്ങൾക്ക് കരിനിഴൽ വീഴ്ത്തി കൊടുംവരൾച്ചയെത്തിയത്. ചൂടിന് കാഠിന്യമേറിയതോടെ കാർഷിക വിളകളും കരിഞ്ഞുണങ്ങുകയാണ്. കടുത്തുരുത്തി, തൃക്കൊടിത്താനം, അയർക്കുന്നം, പള്ളിക്കത്തോട്, വെച്ചൂർ, കറുകച്ചാൽ, നെടുംകുന്നം തുടങ്ങിയ പ്രദേശങ്ങളിലാണ് വ്യാപകമായി കാർഷികവിളകൾ കൃഷി ചെയ്യുന്നത്. ജലസ്രോതസുകൾ വറ്റിവരണ്ടതോടെ, പല കാർഷിക വിളകളുടെയും ഉത്പാദനവും പ്രതിസന്ധിയിലായി.കമുക്, തെങ്ങ് തുടങ്ങിയ ദീർഘകാല വിളകൾക്ക് പുറമേ വാഴ, നെല്ല്, പച്ചക്കറികൾ മുതലായവ നശിക്കുകയാണ്. ചൂട് കൂടിയതിനാൽ രണ്ട് നേരവും നനയ്‌ക്കേണ്ട സ്ഥിതിയാണ്. എന്നാൽ, ഫെബ്രുവരി മാസത്തിൽ തന്നെ കർഷകർ കൂടുതലായും ആശ്രയിക്കുന്ന അരുവികളും തോടുകളും വറ്റി വരണ്ടു. വെള്ളം പമ്പ് ചെയ്യുന്നതിനായി പെട്രോൾ, വൈദ്യുതി ഇനത്തിലും അധിക തുക കർഷകർ ചെലവഴിക്കേണ്ടി വരുന്നു. വെച്ചൂർ ബണ്ട് റോഡ് ശാസ്താക്കുളത്തിൽ ചന്ദ്രൻ പാട്ടത്തിനെടുത്ത് കൃഷിയൊരുക്കിയ 480 ഏത്തവാഴ, 320 ഞാലിപൂവൻ വാഴ എന്നിവ ചൂടിനെ തുടർന്ന് കരിഞ്ഞുണങ്ങി. അറുപതിനായിരം രൂപയാണ് വളം, മറ്റ് പ്രവർത്തനങ്ങൾക്കായി ചെലവാക്കിയത്.