കേരളത്തിൽ പഠിച്ച് ജോലി ചെയ്യുന്നതിനുള്ള സൗകര്യം ഒരുക്കും: സ്പീക്കർ എ.എൻ ഷംസീർ

Monday 06 March 2023 12:14 AM IST
കണ്ണൂർ സർവ്വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനം സ്പീക്കർ അഡ്വ. എ.എൻ. ഷംസീർ ഉദ്ഘാടനം ചെയ്യുന്നു

തലശേരി: ഉന്നത പഠനത്തിനായി വിദേശ രാജ്യങ്ങളിലേക്ക് പോയി അവിടെ തന്നെ സ്ഥിരതാമസമാക്കുന്ന പ്രവണത സംസ്ഥാനത്ത് കൂടി വരികയാണെന്നും എന്നാൽ കേരളത്തിൽ തന്നെ പഠിച്ച് ജോലി ചെയ്യുന്നതിനുള്ള സൗകര്യം വിദ്യാർത്ഥികൾക്ക് ഒരുക്കാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും നിയമസഭ സ്പീക്കർ അഡ്വ. എ.എൻ ഷംസീർ പറഞ്ഞു. തലശ്ശേരി ഗവൺമന്റ് ബ്രണ്ണൻ കോളേജിൽ നടന്നു വന്ന കണ്ണൂർ സർവ്വകലാശാല കലോത്സവത്തിന്റെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഉന്നത വിദ്യാഭ്യാസ മേഖലയുടെ സമഗ്ര വികസനം ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾക്കാണ് സർക്കാർ ഊന്നൽ നൽകുന്നത്. സംസ്ഥാനത്തിനകത്ത് പഠിക്കുമ്പോൾ തന്നെ ജോലി ചെയ്യാനുള്ള സാഹചര്യവുമൊരുക്കും. ഈ ഒരു വർക്കിംഗ് കൾച്ചർ വളർത്തിയെടുക്കാനുള്ള പ്രകിയക്കാണ് സർക്കർ ഊന്നൽ നൽകുന്നത്. ലഹരിക്കെതിരെയുള്ള ശക്തമായ സന്ദേശം പകർന്ന് നൽകാൻ കാമ്പസുകൾക്ക് സാധിക്കണമെന്നും സ്പീക്കർ പറഞ്ഞു യൂണിവേഴ്സിറ്റി യൂണിയൻ ചെയർമാൻ കെ. സാരംഗ് അദ്ധ്യക്ഷത വഹിച്ചു. സർവ്വകലാശാല പ്രൊ വൈസ് ചാൻസലർ പ്രൊഫ. എ. സാബു, ധർമ്മടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എൻ.കെ. രവി മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി ദിനേശ് ഭാസ്കർ, ഡോ. രാഖി രാഘവൻ, ഡോ. കെ.ടി ചന്ദ്രമോഹൻ, ഡോ. പ്രമോദ് വെള്ളച്ചാൽ, കെ.പി വൈഷ്ണവ്, ഡോ. കെ.വി മഞ്ജുള സംസാരിച്ചു. വിജയികൾക്കുള്ള ട്രോഫികൾ ചടങ്ങിൽ സ്പീക്കർ വിതരണം ചെയ്തു.