ആർ.ഡി.എക്സിന് പുത്തൻ ലുക്കിൽ നീരജ് മാധവ്
ആർ.ഡി.എക്സ് എന്ന ചിത്രത്തിനുവേണ്ടിയുള്ള തന്റെ ലുക്ക് സമൂഹ മാധ്യമങ്ങളിൽ പങ്കുവച്ച് നീരജ് മാധവ്. പൂർണതയിലേക്ക് എത്തിയിട്ടില്ല, പതുക്കെയാണെങ്കിലും ഉറപ്പായും പൂർണതയിലേക്ക് എത്തും എന്ന അടിക്കുറിപ്പോടെയാണ് നീരജ് ചിത്രം പങ്കുവച്ചിട്ടുള്ളത്. ഏറെ നാളുകളുടെ ഇടവേളയ്ക്കുശേഷം നീരജ് മാധവ് അഭിനയിക്കുന്ന മലയാള ചിത്രമാണ് ആർ.ഡി.എക്സ്. നവാഗതനായ നഹാസ് ഹിദായത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിന് ഷെയ്ൻ നിഗം, ആന്റണി വർഗീസ്, നീരജ് മാധവ് എന്നിവർ ഒരുമിക്കുന്ന മൾട്ടിസ്റ്രാർ ചിത്രം എന്ന പ്രത്യേകതയുണ്ട്.റോബർട്ട് ,ഡോണി, സേവ്യർ എന്നാണ് ചിത്രത്തിന്റെ മുഴുവൻ പേര്. ഐമ റോസ്മി സെബാസ്റ്റ്യൻ , മഹിമ നമ്പ്യാർ എന്നിവരാണ് നായികമാർ. ലാൽ, മാല പാർവതി, ബൈജു എന്നിവരാണ് മറ്റു താരങ്ങൾ. വീക്കെന്റ് ബ്ളോക്ക് ബസ്റ്റേഴ്സിന്റെ ബാനറിൽ സോഫിയ പോൾ ആണ് നിർമ്മാണം. ഛായാഗ്രഹണം അലക്സ് ജെ. പുളിക്കൽ. രചന ആദർശ് സുകുമാരൻ, ഷബാസ് റഷീദ്. കെ.ജി.എഫ് , വിക്രം, ബീസ്റ്റ് തുടങ്ങിയ ചിത്രങ്ങൾക്ക് സംഘട്ടനം ഒരുക്കിയ അൻപറിവ് ആണ് ആക്ഷൻ കൊറിയോഗ്രഫർ. സംഗീത സംവിധാനം തമിഴകത്തെ പ്രശസ്തനായ സാം എസ്.എസ് നിർവഹിക്കുന്നു. പി.ആർ.ഒ. വാഴൂർ ജോസ്, ശബരി.