തോക്ക് നന്നാക്കാൻ ഇൻഡോർ വരെ പോയിട്ടും തോറ്റ് മടങ്ങി

Monday 06 March 2023 3:39 AM IST

തിരുവനന്തപുരം: മൃഗശാലയിലെ മയക്കുവെടി വയ്ക്കാനുള്ള തോക്കിന്റെ തകരാർ പരിഹരിക്കാൻ അധികൃതർ ഇൻഡോറിൽ പോയെങ്കിലും അവിടെയും തകരാർ പരിഹരിക്കാനാകാതെ വന്നതോടെ സംഘത്തിന് മടങ്ങേണ്ടിവന്നു. ജർമ്മനിയിൽ നിന്ന് യന്ത്രഭാഗങ്ങൾ എത്തിയാലെ തോക്കിന്റെ തകരാർ മാറ്റാനാകൂ. ഭാഗങ്ങൾ എത്തിയാൽ അറിയിക്കാമെന്ന് കമ്പനി അധികൃതർ അറിയിച്ചതോടെ മൃഗശാല അധികൃതർ തോക്കുമായി തിരികെ വരികെയായിരുന്നു. ഏഴുലക്ഷം രൂപ വിലയുള്ള തോക്കാണിത്. ഇത് കേടായതോടെ തൃശൂർ മൃഗശാലയിൽ നിന്ന് മറ്റൊരെണ്ണം എത്തിച്ചതായി അധികൃതർ പറഞ്ഞു. കൂടുതൽ അകലത്തിൽ വെടിവയ്‌ക്കാൻ കഴിയുന്ന തോക്കാണ് കേടായത്. പത്തു വർഷം മുമ്പാണിത് വാങ്ങിയത്. അടുത്തിടെ രണ്ടു തവണ ബംഗാൾ കുരങ്ങൻ കൂട്ടിൽ നിന്ന് പുറത്തുചാടിയപ്പോൾ മയക്കുവെടിവയ്ക്കാൻ സാധിച്ചിരുന്നില്ല. കല്ലെറിഞ്ഞും തെറ്റാടിയും ഉപയോഗിച്ചാണ് അതിനെ രണ്ടുവട്ടവും താഴെയിറക്കി കൂട്ടിലാക്കിയത്. മൃഗശാലയിൽ അത്യാവശ്യം വേണ്ട ഉപകരണം പ്രവർത്തനക്ഷമമല്ലാത്തത് ഗുരുതര വീഴ്ചയാണെന്ന് വിമർശനം ഉയർന്നതോടെയാണ് അധികൃതർ ഇൻഡോറിൽ പോകാൻ തയ്യാറായത്.