കാറും ഓട്ടോയും കൂട്ടിയിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം

Monday 06 March 2023 2:43 AM IST

മേപ്പാടി: നിയന്ത്രണം വിട്ട കാർ ഓട്ടോയിലിടിച്ച് അമ്മയ്ക്കും മകൾക്കും ദാരുണാന്ത്യം. രണ്ടുപേർക്ക് പരിക്കേറ്റു. ഓട്ടോ യാത്രക്കാരായിരുന്ന വടുവൻചാൽ അമ്പലക്കുന്ന് കോട്ടയകുടിയിൽ പരേതനായ മത്തായിയുടെ ഭാര്യ മറിയക്കുട്ടി (70), മകൾ കാരച്ചാൽ സ്വദേശി ബേബിയുടെ ഭാര്യ മോളി (54) എന്നിവരാണ് മരിച്ചത്. ഓട്ടോ ഡ്രൈവർ കോഴിക്കോട് പുതുപ്പാടി കണ്ണപ്പൻകണ്ടി സ്വദേശി ഖാലിദ് (50), കാർ ഡ്രൈവർ തമിഴ്നാട് സ്വദേശി പുരുഷോത്തമൻ (26) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മറ്റൊരു ഓട്ടോയിൽ കൂടി കാർ ഇടിച്ചെങ്കിലും ഇതിന്റെ ഡ്രൈവർ ലതീഷ് പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

ഇന്നലെ വൈകിട്ട് അഞ്ചരയോടെ മൂപ്പനാട് ജംഗ്ഷനിലായിരുന്നു അപകടം. വയനാട്ടിൽ വിനോദ സഞ്ചാരത്തിന് എത്തിയവരുടെ കാറാണ് അപകടത്തിൽപെട്ടത്. കാർ നിയന്ത്രണംവിട്ട് ഓട്ടോകളിലേക്ക് പാഞ്ഞുകയറുകയായിരുന്നു. മറിയക്കുട്ടിയും മകൾ മോളിയും കോഴിക്കോട് അടിവാരത്തെ ബന്ധുവീട്ടിൽ പോയി മടങ്ങുകയായിരുന്നു. ഓമന, ശോഭ, ബേബി എന്നിവരാണ് മറിയക്കുട്ടിയുടെ മറ്റുമക്കൾ. മോളിയുടെ മക്കൾ: റിജോയ്, അമ്പിളി.