ശമ്പളകുടിശിക ചോദിച്ചു; മുൻ ജീവനക്കാർക്ക് റിസോർട്ടുടമയുടെ ക്രൂര മർദ്ദനം

Monday 06 March 2023 1:51 AM IST

വർക്കല: ശമ്പള കുടിശിക ആവശ്യപ്പെട്ട രണ്ടു മുൻ ജീവനക്കാരെ വീട്ടിൽ അതിക്രമിച്ച് കടന്ന് ക്രൂരമായി മർദ്ദിച്ച പാപനാശത്തെ റിസോർട്ട് ഉടമയും കൂട്ടാളികളും അറസ്റ്റിൽ. വർക്കല പാപനാശം സൗത്ത് ക്ലിഫിലെ വാക്കെ നെസ്റ്റ് റിസോർട്ട് ഉടമ വർക്കല സെയ്ദലി മൻസിലിൽ സെയ്ദലി (41), കൂട്ടാളികളായ കല്ലമ്പലം പുതുശേരിമുക്ക് ജിതിൻനിവാസിൽ ജിതിൻ (20), കല്ലമ്പലം പുതുശേരിമുക്കിൽ ഇടവൂർക്കോണം സലീനമൻസിലിൽ സജീർ (21) എന്നിവരെയാണ് വർക്കല പൊലീസ് പിടികൂടിയത്. റിസോർട്ടിലെ മുൻജീവനക്കാരായ കോട്ടയം കണക്കാഞ്ഞൂർ വട്ടം പറമ്പിൽവീട്ടിൽ ശരത് സജി (26), കിളിമാനൂർ സ്വദേശിയായ അഖിൽ എന്നിവർക്കാണ് മാർച്ച് ഒന്നിന് മർദ്ദനമേറ്റത്. ശരത് സജി വാടകയ്ക്കു താമസിക്കുന്ന വെട്ടൂർ അക്കരവിള പളളിക്കു സമീപം വിളയിൽ വീട്ടിൽ അതിക്രമിച്ചു കയറി ഭാര്യയുടെയും കുഞ്ഞിന്റെയും മുന്നിലിട്ടായിരുന്നു മർദ്ദനം. ശരത് തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്. പൊലീസ് ശരത്തിന്റെ മൊഴിയെടുത്തു. ശമ്പളകുടിശിക ചോദിച്ചതിലുളള വിരോധത്തിലാണ് മ‌ർദ്ദനമെന്നാണ് ശരത്തിന്റെ മൊഴി. എന്നാൽ മുമ്പ് കഞ്ചാവ് കൈവശം വച്ചതിന് റിസോർട്ടുടമയായ സെയ്ദലിയെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ ശരത്താണ് എക്സൈസിന് വിവരം നൽകിയതെന്ന സംശയവും പ്രതികൾക്കുണ്ടായിരുന്നതായി പൊലീസ് പറയുന്നു. ശമ്പള കുടിശിക നൽകാമെന്ന് പറഞ്ഞ് വിട്ടീൽ നിന്നും വിളച്ചിറക്കിയ അഖിലിനെ റിസോർട്ടിലെത്തിച്ച് പൂട്ടിയിടുകയും രാവിലെ മുതൽ വൈകിട്ടുവരെ മർദ്ദിച്ചെന്നുമാണ് പരാതി. വർക്കല സ്റ്റേഷനിൽ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയാണ് സെയ്ദലിയെന്നും പൊലീസ് പറഞ്ഞു. കോടതിയിൽ ഹജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.