ആക്രിക്കച്ചവടത്തിന്റെ മറവിൽ മോഷണം; എട്ട് പേർ പിടിയിൽ

Monday 06 March 2023 1:18 AM IST

ഹരിപ്പാട്: ആക്രി കച്ചവടത്തിന്റെ മറവിൽ മോഷണം നടത്തിയ എട്ടു അന്യസംസ്ഥാന തൊഴിലാളികളെ കരീലക്കുളങ്ങര പൊലീസ് അറസ്റ്റ് ചെയ്തു. മുട്ടം ഭാഗത്ത് ആക്രി പെറുക്കിയിരുന്ന ഉത്തർപ്രദേശ് അസ്സലാപുര ഗുൽഷൻ നഗറിൽ ജസീം ഖാൻ (23), മോറാദാബാദ് ജില്ലയിൽ തെക്കേ ധർവാലി മസ്ജിദ് സെയ്ദ് (26), ഗൗതമ ബുദ്ധ നഗറിൽ ബി 16 ബുദ്ധ നഗർ അർജുൻ (19), ഡൽഹി സൗത്ത് ശ്രീനിവാസപുരി ന്യൂ ഫ്രഷ് കോളനിയിൽ മുഹമ്മദ്‌ ഫരൂഖ് (53), ശ്രീനിവാസപുരി ഇന്ദിര ക്യാമ്പ് 2 ൽ ന്യൂ ഫ്രഷ് കോളനിയിൽ ആബിദ് അലി (28) എന്നിവരെയും മുട്ടം ഭാഗത്തു മാർച്ച്‌ 2ന് രാത്രി 10.45ന് വീടുകളിൽ മോഷണം നടത്തുന്നതിനായി സ്ക്രൂ ഡ്രൈവർ, ചാക്ക് തുടങ്ങിയവയുമായി തയ്യാറെടുത്തു പതുങ്ങി നിന്ന ഉത്തർപ്രദേശ് ഗാസിയബാദ് ജില്ലയിൽ മകൻ ആകാശ് (18), ഗാസിയബാദ് സ്വദേശി സൂരജ് സൈനി (18), ഡെൽഹി ചത്തർപ്പൂർ ജുനൈദ് (27) എന്നിവരെയാണ് പിടികൂടിയത്.

കരീലക്കുളങ്ങര പഞ്ചായത്ത്‌ 12-ാം വാർഡിൽ ആളൊഴിഞ്ഞ വീട്ടിൽ 2022 നവംബറിലാണ് മോഷണം നടന്നത്. അടുക്കള വാതിൽ കുത്തിത്തുറന്ന് കയറി ബാത്ത് റൂം ഫിറ്റിംഗുകളും ഇൻവെർട്ടറും ബാറ്ററിയും ചെമ്പ് പാത്രങ്ങളും ഉൾപ്പെടെ 70,000 രൂപയുടെ സാധനങ്ങളാണ് കവർന്നത്. ജില്ലാ പൊലീസ് മേധാവി ചൈത്ര തെരേസ ജോണിന്റെ നിർദ്ദേശാനുസരണം കായംകുളം ഡിവൈ.എസ്.പി അജയനാഥിന്റെ മേൽനോട്ടത്തിൽ കരീലക്കുളങ്ങര പൊലീസ് സബ് ഇൻസ്‌പെക്ടർ സുനുമോൻ, എസ്.ഐമാരായ ഷമ്മി, സുരേഷ്, എ.എസ്.ഐ പ്രദീപ്‌, എസ്.സി.പി.ഒമാരായ സുനിൽ, സജീവ്, വിനീഷ്, അനിൽ, ശ്യാംകുമാർ, സി.പി.ഒമാരായ ഷമീർ, മണിക്കുട്ടൻ, അരുൺ, മനോജ്‌, വരുൺ എന്നിവരാണ് നാട്ടുകാരുടെ സഹായത്തോടെയാണ് പ്രതികളെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.