അമ്പലപ്പുഴ ഉണ്ണിക്കണ്ണന് പിത്തളയിൽ തുലാഭാരത്തട്ട്

Monday 06 March 2023 1:20 AM IST
അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് സമർപ്പിക്കാനായി പരുമലയിൽ നിർമ്മാണം പൂർത്തിയായ തുലാഭാരത്തട്ട്

മാന്നാർ: അമ്പലപ്പുഴ ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തിൽ സമർപ്പിക്കാനായി മാന്നാർ പരുമലയിൽ തുലാഭാരത്തട്ടിന്റെ നിർമ്മാണം പൂർത്തിയായി. 225 കിലോ വരുന്ന പിത്തളത്തകിടിൽ 9 അടി പൊക്കത്തിലും 7.5 അടി വീതിയുമുള്ള തുലാഭാരത്തട്ട് പണിക്കേഴ്​സ് ട്രാവൽസ് ഉടമ അമ്പലപ്പുഴ സ്വദേശി ബാബു പണിക്കർ ആണ് ഭഗവാനായി സമർപ്പിക്കുന്നത്. ബുധനാഴ്ച ഭഗവാന് മുന്നിൽ സമർപ്പണം നടക്കും.

ഇരുവശങ്ങളിലും കൊടിമരത്തിന്റെ രൂപകല്പനകളോടുകൂടിയ തൂണുകളുടെ മുകളിലായി കൊത്തുപണികളാൽ ബന്ധിപ്പിച്ചിരിക്കുന്ന തണ്ടിൽ, തുമ്പിക്കൈകളിൽ കോർത്ത് തൂക്കിയിട്ടാണ് തുലാഭാരത്തട്ടിന്റെ നിർമ്മിതി. തൂക്കം അറിയാൻ അളവുകോൽ മദ്ധ്യത്തിൽ ഘടിപ്പിച്ച് താഴെ പത്മദളങ്ങളോടുകൂടി പീഠവും ചുവട്ടിൽ തള്ളി നീക്കാൻ പാകത്തിലുള്ള നാലു ചാടുകളുമുണ്ട്. ഓടക്കുഴൽ നാദത്തിലൂടെ അമ്പലപ്പുഴ ഭഗവാന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത് അന്വർത്ഥമാക്കും വിധം മുകളിലത്തെ തണ്ടിന്റെ ഇരുവശങ്ങളിലും രണ്ട് ഓടക്കുഴലും മദ്ധ്യത്തിൽ പ്രഭയോടുകൂടി ഭഗവാനെയും സ്ഥാപിച്ചിരിക്കുന്ന തുലാഭാരത്തട്ട് നിർമ്മിച്ചിരിക്കുന്നത് ആർട്ടിസാൻസ് മെയിന്റനൻസ് ആൻഡ് ട്രഡീഷണൽ ട്രേഡിംഗ് കമ്പനിയുടെ ചുമതലയിൽ മാന്നാർ പരുമല കാട്ടുംപുറത്ത് പി.പി. അനന്തൻ ആചാരിയുടെയും മകൻ അനു അനന്തന്റെയും നേതൃത്വത്തിലാണ്.

പി.പി. അനന്തനാചാരിയുടെ മേൽനോട്ടത്തിൽ തിരുആറന്മുള ക്ഷേത്രത്തിലേക്കാണ് ആദ്യമായി ഇത്തരത്തിലൊരു തുലാഭാരം നിർമ്മിച്ചത്. ശബരിമല, പാറമേക്കാവ്, ഏറ്റുമാനൂർ, മലയാലപ്പുഴ തുടങ്ങി കേരളത്തിലെ മിക്ക പ്രമുഖ ക്ഷേത്രങ്ങളിലെയും കൊടിമരങ്ങൾ ഉൾപ്പെടെയുള്ള വൈവിദ്ധ്യമാർന്ന ജോലികളുടെ ഉത്തരവാദിത്വം ഏറ്റെടുക്കാൻ തയ്യാറായ ശില്പിയാണ് പി.പി. അനന്തൻ ആചാരി. അദ്ദേഹത്തിന്റെ മേൽനോട്ടത്തിലാണ് ഗുരുവായൂർ ക്ഷേത്രത്തിലേക്ക് ഭഗവാന് നിവേദ്യം തയ്യാറാക്കുന്ന ഭീമൻ നാലുകാതൻ വാർപ്പുകളും നിർമ്മിച്ചത്. ശബരിമല, കൊടുങ്ങല്ലൂർ ക്ഷേത്രങ്ങളിലെ അകത്തെ തിടപ്പള്ളിയിലേക്കുള്ള നിവേദ്യപാത്രങ്ങളും പരുമലയിലെ അദ്ദേഹത്തിന്റെ പണിശാലയിൽ തയ്യാറായി വരുന്നു.

Advertisement
Advertisement