ദേശീയപാത വികസനം... ട്രഷറികളിലെ തലവേദനയ്ക്ക് ധനവകുപ്പിന്റെ പരിഹാരം

Monday 06 March 2023 12:51 AM IST


ആലപ്പുഴ: ദേശീയപാത വികസനത്തിന് ഭൂമി വിട്ടുനൽകിയവർക്ക് നഷ്ടപരിഹാരം നൽകാൻ, ട്രഷറികളിൽ ഉണ്ടായിരുന്ന നിയന്ത്രണത്തിൽ ഇളവ്. പത്തു ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾ മാറാൻ നിബന്ധന വന്നതോടെ നഷ്ടപരിഹാര വിതരണം തടസപ്പെടാതിരിക്കാൻ സ്ഥലം ഏറ്റെടുക്കൽ വിഭാഗം ധനവകുപ്പിന്റെ പ്രത്യേക അനുമതി വാങ്ങി. ഇതോടെ ചെക്ക് വിതരണത്തിന് മുടക്കമുണ്ടായില്ല.

മുമ്പ് 25 ലക്ഷത്തിൽ കൂടുതലുള്ള ബില്ലുകൾക്കായിരുന്നു നിയന്ത്രണം. അന്നും നഷ്ടപരിഹാര വിതരണത്തിനു ധനവകുപ്പ് പ്രത്യേക അനുമതി നൽകിയിരുന്നു. ജില്ലയിൽ ഇതുവരെ 3034 കോടിയാണ് വിതരണം ചെയ്തത്. ഇനി 146 കോടിയാണ് വിതരണം ചെയ്യാനുള്ളത്. ഏറ്റെടുത്ത സ്ഥലത്തെ കെട്ടിടങ്ങളുടെ പുനർമൂല്യനിർണയത്തിൽ കണ്ടെത്തിയ അധിക തുകയുടെ ചെക്കാണ് ഇപ്പോൾ നൽകുന്നത്. ഇതിൽ ദേവസ്വം ബോർഡിന്റെ നഷ്ടപരിഹാരവും സർക്കർ വക ഭൂമിയുടെ വിലയായി 20 കോടിയോളവും വരും. ശേഷിച്ച തുകയാണ് ഭൂഉടമകൾക്ക് നൽകാനുള്ളത്.

ജില്ലകളിലെ ഭൂമിയേറ്റെടുക്കൽ വിഭാഗം സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടർ, ദേശീയപാത അതോറിട്ടി പ്രോജക്ട് ഡയറക്ടർ എന്നിവരുടെ സംയുക്ത അക്കൗണ്ടിലേക്കാണ് ദേശീയപാത അതോറിട്ടി നഷ്ടപരിഹാരത്തുക കൈമാറിയത്. ആലപ്പുഴ, എറണാകുളം, കണ്ണൂർ ജില്ലകളിൽ ഈ തുകയുടെ ഒരു ഭാഗം കഴിഞ്ഞ മാർച്ച് 31ന് ട്രഷറിയിലേക്കു മാറ്റിയിരുന്നു. ഭൂരേഖകൾ ഹാജരാക്കാത്തവരുടെ നഷ്ടപരിഹാരം ട്രഷറിയിലേക്കു മാറ്റുകയാണ്. ഈ രണ്ടിനങ്ങളിൽ ട്രഷറിയിലെത്തിയ പണം ഗുണഭോക്താക്കൾക്കു കൈമാറുന്നതിനാണ് നിയന്ത്രണം വിനയായി നിന്നത്.

# വിതരണം അവസാനഘട്ടത്തിൽ

സ്‌പെഷ്യൽ ഡെപ്യൂട്ടി കളക്ടറുടെയും ദേശീയപാത പ്രോജക്ട് ഡയറക്ടർമാരുടെയും സംയുക്ത അക്കൗണ്ടിൽ ബാങ്കിലുള്ള

പണം ഭൂവുടമകൾക്കു കൈമാറാൻ ബുദ്ധിമുട്ടില്ല. എന്നാൽ, ട്രഷറി അക്കൗണ്ടിലാണ് കൂടുതൽ തുകയുള്ളത്. ആലപ്പുഴ, കൊല്ലം, എറണാകുളം ഉൾപ്പെടെയുള്ള ജില്ലകളിൽ നഷ്ടപരിഹാര വിതരണം അവസാനഘട്ടത്തിലാണ്. ചില ജില്ലകളിൽ പൂർത്തിയായിട്ടുണ്ട്. നഷ്ടപരിഹാരം നിർണയിച്ചതിൽ അപാകം ആരോപിച്ച് നിരവധി പരാതികളാണ് ആലപ്പുഴ ജില്ലയിൽ ലഭിച്ചത്. കളക്ടറുടെ മേൽനോട്ടത്തിലെ സമിതിയാണ് പരാതി പരിഗണിക്കുന്നത്. വളരെക്കുറച്ചു പരാതികൾ മാത്രമേ തീർപ്പാക്കാനായുള്ളൂ. ഇപ്പോഴത്തെ സാഹചര്യത്തിൽ തീർപ്പാക്കിയ പരാതികളിലും നഷ്ടപരിഹാരം വൈകും.

ദേശീയപാത വികസനത്തിന്റെ ഭാഗമായി ഭൂഉടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാര തുകയുടെ ചെക്ക് 10 ലക്ഷത്തിന് മുകളിൽ വരുമെന്നതിനാൽ ധനവകുപ്പിന്റെ പ്രത്യേക അനുമതിയോടെ തുക മാറിയെടുക്കാനുള്ള നടപടികൾ ഏർപ്പാടാക്കി

ദേശീയപാത സ്ഥലമെടുപ്പ് വിഭാഗം

Advertisement
Advertisement