മംഗളൂരു ആശുപത്രിയിലെ പിഴവെന്ന് ബന്ധുക്കൾ അമിത രക്തസ്രാവം: യുവതി മരിച്ചു
ചെറുവത്തൂർ: ജുവലറി ജീവനക്കാരിയായ, ചെറുവത്തൂർ പുതിയ കണ്ടത്തെ ഇ. അംബിക (40) ചികിത്സയിലിരിക്കെ അമിത രക്തസ്രാവം മൂലം മരിച്ചു. ചികിത്സിച്ച ഡോക്ടർമാരുടെ പിഴവാണ് മരണകാരണമെന്ന് ആരോപിച്ച് മംഗളൂരിലെ സ്വകാര്യ ആശുപത്രിക്കെതിരെ ബന്ധുക്കൾ പരാതി നൽകി. പൊലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹം മംഗളൂരു വെൻലോക് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ഞായറാഴ്ച രാത്രി 9 മണിയോടെ നാട്ടിലെത്തിച്ച് സംസ്കാര ചടങ്ങുകൾ നടത്തി.
പുതിയകണ്ടം സ്വദേശിനിയായ അംബിക, മയ്യിച്ചയിലെ രവിയുടെ ഭാര്യയാണ്. മക്കൾ : അരുണിമ, അഭിരാം, ആദിത്യൻ. സ്വന്തമായി വീടില്ലാത്ത ഇവർ മുണ്ടക്കണ്ടത്തെ വാടക വീട്ടിലാണ് താമസിക്കുന്നത്. ചെറുവത്തൂർ ദീപ ജ്വല്ലറിയിൽ സെയിൽസ് ഗേളായി ജോലി ചെയ്യുന്ന അംബിക യൂട്രസ് സംബന്ധമായ അസുഖത്തെ കങ്കനാടിയിലെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ഫെബ്രുവരി 24ന് അഡ്മിറ്റായി. പരിശോധനകൾക്ക് ശേഷം 28ന് രാവിലെ ശസ്ത്രക്രിയ നടത്തി യൂട്രസ് റിമൂവ് ചെയ്തു. വൈകുന്നേരം റൂമിലേക്ക് മാറ്റി ഭക്ഷണം കഴിച്ചിരുന്നു.
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഭക്ഷണം കഴിച്ചത് മുതൽ അസ്വസ്ഥത പ്രകടിപ്പിക്കുകയും ശ്വാസതടസ്സം ഉണ്ടാകുകയും ബി. പി കുറയുകയും ചെയ്തു, ഡോക്ടർമാരുടെ ശ്രദ്ധയിൽപ്പെടുത്തിയപ്പോൾ ഗ്യാസ് ആയിരിക്കുമെന്ന് പറഞ്ഞ് അവഗണിച്ചു. ബന്ധുക്കളുടെ സമ്മർദ്ദത്തെ തുടർന്ന് സ്കാനിംഗിന് വിധേയമാക്കുകയും ഓപ്പറേഷൻ വേണമെന്നും ഡയാലിസിസ് വേണമെന്നും നിർദ്ദേശിച്ചു. തുടർന്ന് ഐ.സി.യുവിൽ പ്രവേശിപ്പിക്കുകയായിരുന്നു. നില വഷളായതിനെ തുടർന്ന് ഞായറാഴ്ച പുലർച്ചെ 1.40 ന് അംബിക മരിച്ചു. സംഭവം വിവാദമായതോടെ പറ്റിയ അബദ്ധം ഡോക്ടർ പറഞ്ഞെന്ന് ബന്ധുക്കൾ പറയുന്നു. കീഹോൾ ശസ്ത്രക്രിയക്കിടയിൽ ചെറുകുടലിനേറ്റ ദ്വാരം കാരണം വിസർജ്യ വസ്തുക്കൾ ആന്തരികാവയവങ്ങളിൽ കടന്ന് ഇൻഫെക്ഷൻ ആകുകയും ആന്തരികാവയവങ്ങളുടെ പ്രവർത്തനങ്ങളെ ബാധിക്കുകയും ചെയ്തതാണ് മരണ കാരണമായതെന്നുമാണ് അവർ വെളിപ്പെടുത്തിയത്.
മെഡിക്കൽ കോളേജിൽ പഠിക്കുന്ന വിദ്യാർത്ഥികൾ അടക്കമാണ് ഗുരുതരനിലയിലും അംബികയെ ചികിത്സിക്കാൻ എത്തിയതെന്നും പരാതിയിൽ പറയുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയ ശേഷം അന്വേഷണം ഊർജ്ജിതമാക്കുമെന്ന് കർണ്ണാടക പൊലീസ് പറഞ്ഞു.