മന്ത്രവാദം: യുവതിയുടെ 17 പവനും 8 ലക്ഷവും കവർന്നയാൾ പിടിയിൽ

Monday 06 March 2023 2:15 AM IST

കൊച്ചി: മന്ത്രവാദ പൂജ നടത്തിയ സ്വർണാഭരണങ്ങൾ ധരിച്ചാൽ വിവാഹം നടക്കുമെന്ന് വിശ്വസിപ്പിച്ച് സ്വർണാഭരണങ്ങളും പണവും തട്ടിയെന്ന കേസിലെ പ്രതിയെ നോർത്ത് പൊലീസ് പിടികൂടി. തൃശൂർ പാവറാട്ടി പള്ളിപ്പറമ്പിൽ വീട്ടിൽ ഷാഹുൽ ഹമീദ് (39) ആണ് പിടിയിലായത്. എറണാകുളം പച്ചാളത്ത് താമസിക്കുന്ന വിവാഹമോചിതയായ യുവതിയെ കബളിപ്പിച്ചാണ് സ്വർണം കൈക്കലാക്കിയത്. യുവതിയുമായി പരിചയം സ്ഥാപിച്ച് 2021 മുതൽ പലതവണകളായി 17 പവൻ ആഭരണങ്ങളും 8 ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു. ബാങ്ക് ലോക്കറിൽ സൂക്ഷിച്ചിരുന്ന സ്വർണാഭരണങ്ങളിൽ കുറവ് കണ്ടതിനെ തുടർന്ന് സംശയം തോന്നിയ യുവതിയുടെ സഹോദരിയാണ് എറണാകുളം ടൗൺ നോർത്ത് പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. എറണാകുളം വടുതലയിൽ നിന്നാണ് പ്രതി പിടിയിലായത്. തൃശ്ശൂർ ജില്ലയിലെ വലപ്പാട്, അന്തിക്കാട്, ചാലക്കുടി, ചാവക്കാട് സ്റ്റേഷനുകളിൽ സമാനമായ കേസുകളിൽ ഇയാൾ പ്രതിയാണെന്ന് പൊലീസ് പറഞ്ഞു.