ഡോക്ടർ ഷാജി എന്ന വ്യത്യസ്തൻ
ഒരു രോഗി മുന്നിൽ വന്നാൽ അയാൾക്ക് പറയാനുള്ളത് മുഴുവൻ ക്ഷമയോടെ കേട്ടിരിക്കും ഡോ. ഷാജി. അല്ലാതെ പനിയുടെ പ, ചുമയുടെ ചു , ഛർദ്ദിയുടെ ഛ , വയറുവേദനയുടെ വ എന്നു മാത്രം കേട്ടാൽ കുഴലുവയ്ക്കാൻ തുടങ്ങുന്ന ഡോക്ടറല്ല ! ചില കാര്യങ്ങൾ പ്രത്യേകം ചോദിച്ചു മനസിലാക്കും. വിശദമായി പരിശോധിക്കും.ഇതുവരെ ചെയ്ത ചികിത്സ ആയൂർ , ഹോമിയോ , യൂനാനീ , പ്രകൃതി ചികിത്സ , യോഗാസനം. ................. പിന്നെ കൃപാസനം , കുട്ടിച്ചാത്തൻ സേവ , നരബലി ..... തുടങ്ങി എല്ലാത്തിന്റെയും വിശദാംശങ്ങൾ ചോദിച്ചു മനസിലാക്കും. അതുകഴിഞ്ഞേയുള്ളൂ പരിശോധനയും മരുന്നെഴുത്തും ! അവിടെക്കൊണ്ടും തീരുന്നില്ല കൺസൾട്ടേഷൻ. രോഗിയുടെ വ്യക്തി-കുടുംബ-സാമൂഹ്യ ജീവിതത്തെക്കുറിച്ച് ഇ.ഡി. മോഡൽ അന്വേഷണം വരും. അയാളുടെ ജീവിതവീക്ഷണം, പല വിഷയങ്ങളിലുള്ള അയാളുടെ അഭിപ്രായം...... അങ്ങനെ പലതും ചോദിക്കും. അവസാനം രോഗിക്ക് എന്തെങ്കിലും സംശയങ്ങളുണ്ടെങ്കിൽ അവയ്ക്കുള്ള മറുപടിയും നൽകും. ഇത്തരം ചികിത്സാരീതി ഇപ്പോൾ സാധാരണയായി കാണാത്തതുകൊണ്ടാണ് ഡോ. ഷാജി വ്യത്യസ്തനായ ഡോക്ടർ ആകുന്നത്. പിന്നെ കുറച്ചുകൂടി വ്യത്യസ്തനാകുന്നത്, രോഗിക്കും ഊഴം കാത്തുനിൽക്കുന്ന മറ്റു രോഗികൾക്കും ആശുപത്രി ജീവനക്കാർക്കും ഒരുപോലെ ചിരിക്കാൻ വകനല്കുന്ന ഡോക്ടറുടെ തട്ടുപൊളിപ്പൻ മറുപടികളാണ്! മരുന്നിന്റെ കുറിപ്പടി എഴുതിക്കഴിഞ്ഞപ്പോൾ, രോഗിയുടെ കൂടെവന്ന ഭാര്യ കോമള കുമാരി പറഞ്ഞു. '' ഒന്നോ രണ്ടോ തവണ ഞാൻ ഉത്തരം പറഞ്ഞാലും ഇദ്ദേഹം വീണ്ടും വീണ്ടും അതേ ചോദ്യം ചോദിച്ചോണ്ടേയിരിക്കും ...... ഇത് ഒരുതരം വട്ടാണോ ഡോക്ടറേ ?"" ഇതൊക്കെ സർവസാധാരണമാണെന്നും പ്രശ്നമല്ലാത്ത തരം സ്വഭാവവ്യതിയാനമാണെന്നും പറഞ്ഞാൽ വലിയ വിദ്യാഭ്യാസമില്ലാത്ത ഭാര്യയ്ക്ക് മനസ്സിലാകുകയില്ലെന്ന് ബോദ്ധ്യമായ ഡോക്ടർ...... ' വൃശ്ചിക പെണ്ണേ........ വേളീ പെണ്ണേ വെറ്റിലപാക്കുണ്ടോ?" എന്ന ഗാനം ആലപിക്കാൻ തുടങ്ങി. എന്നിട്ട് കോമള കുമാരിയോടു ചോദിച്ചു. ഈ പാട്ട് കേട്ടിട്ടുണ്ടല്ലോ. അല്ലേ ? യേശുദാസ് സബിതാചൗധരിയോട് ചോദിക്കുകയാണ് വെറ്റില പാക്കുണ്ടോ എന്ന്. അപ്പോൾ സബിതയുടെ മറുപടി..... 'വെള്ളിചെല്ലം .......വെറ്റിലചെല്ലം ഇല്ലത്താണല്ലോ" എന്ന് ! ഇതു രണ്ടാവർത്തി യേശുദാസ് ചോദിച്ചു. അപ്പോഴെല്ലാം സബിത അതേ മറുപടി കൊടുത്തു. ഇല്ലത്താണ് , ഇല്ലത്താണ് ! പിന്നെയും നാലുവരി പാടിക്കഴിഞ്ഞ് വീണ്ടും യേശുദാസ് ഇതുതന്നെ ചോദിക്കുന്നു. വെറ്റിലപാക്കുണ്ടോ..... വെറ്റില പാക്കുണ്ടോ എന്ന്. മൊത്തം അഞ്ചുതവണ! ഉത്തരവാദിത്വമുള്ള ഒരു പാട്ടുകാരൻ ഇങ്ങനെ ആവർത്തിച്ചു ചോദിക്കുന്നതു ശരിയാണോ കോമള കുമാരീ ? അതുപോലെ കണ്ടാൽമതി നിങ്ങളുടെ ഭർത്താവിന്റെ ചോദ്യവും ! കോമളവും ഭർത്താവ് ശ്രീധരനും ഡോക്ടറിനു ചുറ്റും നിന്ന രോഗികളും നഴ്സുമാരും കൂട്ടച്ചിരിയായി ! അടുത്തൊരു രംഗം! ബി.പി രോഗിയായ മാത്തപ്പനെ പരിശോധിച്ച്, ഈ മരുന്നുതന്നെ തുടർന്നും കഴിച്ചാൽ മതിയെന്ന ഡോക്ടറുടെ ഉപദേശത്തിനുശേഷം മാത്തപ്പൻ ഡോക്ടറെ വെറുതെ ഒന്നു ചൊറിഞ്ഞു! ''ഈ മരുന്ന് തുടരെ കഴിക്കുന്നതുകൊണ്ട് പാർശ്വഫലമൊന്നുമില്ലല്ലോ ഡോക്ടറേ?"" നല്ലൊരവസരം കിട്ടിയ സന്തോഷത്തിലായി ഡോ. ഷാജി ! അദ്ദേഹം ചോദിച്ചു. '' മാത്തപ്പൻ ചോറു കഴിക്കാറുണ്ടോ?'' ഉവ്വ് ! ''പച്ചക്കറികൾ കഴിക്കാറുണ്ടോ?"" വീണ്ടും ഉവ്വ് ! ''മീൻ, മുട്ട, ഇറച്ചി, പാൽ?"" അതൊക്കെ , ധാരാളം കഴിക്കാറുണ്ട് ഡോക്ടർ ! എന്നു ഗമയിൽ മാത്തപ്പൻ ! ഡോക്ടർ കുറിപ്പടി അയാൾക്ക് കൈമാറിക്കൊണ്ട് പറഞ്ഞു. ' തമിഴ്നാട്ടിൽ നിന്നും ആന്ധ്രയിൽ നിന്നും വരുന്ന ഇത്രയും ആഹാരസാധനങ്ങൾ വലിച്ചു കയറ്റിയാൽ ഉണ്ടാകുന്ന പാർശ്വഫലങ്ങളെക്കാൾ വളരെ കുറവായിരിക്കും ഈ ഗുളികയുടേത്..... !" നന്നായി മദ്യപിക്കുന്ന ഒരാൾ ചികിത്സയ്ക്കുവന്നു. പരിശോധിച്ച് കുറിപ്പടി കൊടുത്തപ്പോൾ, രോഗിക്കൊരു സംശയം. ''സാർ, പഥ്യം വല്ലതും?"" ഡോ. ഷാജി നന്നായി അറിയുന്ന രോഗിയെനോക്കി ഒന്നു ചിരിച്ചു!. ''താൻ മദ്യപിക്കുമോ?"" അതെ എന്നമട്ടിൽ അയാൾ തലയാട്ടി. പുകവലിക്കുമോ? അതിനും അതെ എന്നുത്തരം. ബീഫും പൊറോട്ടയും? വീണ്ടും. അതെ . ഡോക്ടർ കസേരയിലൊരുവട്ടം കറങ്ങി. എന്നിട്ടു പറഞ്ഞു. ''തനിക്ക് ആഹാരത്തിലെ പഥ്യം ഉപദേശിക്കാൻ മാത്രം ഞാൻ തിരുമണ്ടനല്ല കേട്ടോ !"" ഇതുകേട്ട് രോഗിപോലും ചിരിച്ചു പോയി !
(ലേഖകന്റെ ഫോൺ - 9447055050)