രാഷ്ട്രീയ അജൻഡകൾക്കായി വിദ്യാർത്ഥികളെ ഉപയോഗിക്കുന്നു; അതിഷിക്കെതിരെ കേസെടുക്കാൻ നിർദ്ദേശം

Monday 06 March 2023 1:58 AM IST

ന്യൂഡൽഹി‌: രാഷ്ട്രീയ അജൻഡകൾക്കായി സ്‌കൂൾ വിദ്യാർത്ഥികളെ ഉപയോഗിക്കുന്നുവെന്ന ബി.ജെ.പി. നേതാവിന്റെ പരാതിയിൽ ആം ആദ്മി പാർട്ടി നേതാവ് അതിഷിയുൾപ്പെടെയുള്ള നേതാക്കൾക്കെതിരെ കേസെടുക്കാൻ ഡൽഹി പോലീസിന് ദേശീയ ശിശു അവകാശ സംരക്ഷണ കമ്മിഷന്റെ നിർദ്ദേശം. മദ്യനയക്കേസിൽ ഡൽഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ അറസ്റ്രിലായതിന് പിന്നാലെ പോസ്റ്ററുകളുമായി സ്‌കൂൾ വിദ്യാർത്ഥികൾ അണിനിരന്നതിനെത്തുടർന്ന് ബി.ജെ.പി. നേതാവ് മനോജ് തിവാരിയാണ് പരാതി നല്കിയത്.

പോസ്റ്ററുകളുമായി നിൽക്കുന്ന വിദ്യാർത്ഥികളുടെ ചിത്രം അതിഷി ട്വീറ്റ് ചെയ്‌തെന്നും മനീഷ് സിസോദിയക്കെതിരെ നടക്കുന്ന സി.ബി.ഐ. അന്വേഷണത്തിൽ നിന്ന് ശ്രദ്ധതിരിച്ചുവിടാനാണ് ശ്രമമെന്നും പരാതിയിൽ ആരോപിച്ചിരുന്നു. ഡൽഹിയിലെ വിദ്യാഭ്യാസ ദൗത്യ സേന അംഗങ്ങളായ ശൈലേഷ്, രാഹുൽ തിവാരി, ഉപമുഖ്യമന്ത്രിയുടെ ഓഫീസിലെ തരിഷി ശർമ തുടങ്ങിയവർക്കെതിരെയും അന്വേഷണം ആവശ്യപ്പെട്ടു. ശാസ്ത്രി നഗർ മേഖലയിലെ സർക്കാർ സ്‌ക്കൂളിന് മുന്നിൽ "ഐ ലവ് മനീഷ് സിസോദിയ" എന്ന ബാനർ സ്ഥാപിച്ചതിൽ ഡൽഹി പോലീസ് കേസെടുത്തു. പ്രദേശവാസിയുടെ പരാതിയിലാണ് കേസെടുത്തത്.

ഇതിനിടെ,​ മനീഷ് സിസോദിയയെ മാനസികമായി ബുദ്ധിമുട്ടിച്ച് കുറ്റസമ്മതമൊഴിയിൽ ഒപ്പിടുവിക്കാൻ സി.ബി.ഐ ശ്രമിക്കുന്നതായി ആം ആദ്മി പാർട്ടി നേതാവ് സഞ്ജയ് സിംഗ് ആരോപിച്ചു. സിസോദിയക്കെതിരെ സി.ബി.ഐയുടെ പക്കൽ തെളിവില്ലെന്നും കൂട്ടിച്ചേർത്തു. സിസോദിയയുടെ സി.ബി.ഐ കസ്റ്രഡി കാലാവധി ഇന്ന് അവസാനിക്കും. ചോദ്യം ചെയ്യലിന് ശേഷം ഡൽഹി റോസ് അവന്യു കോടതിയിൽ സിസോദിയയെ ഇന്ന് ഹാജരാക്കും.

Advertisement
Advertisement