ത്രിപുരയിൽ തിപ്രമോതയെ വിശ്വാസത്തിലെടുക്കാൻ ബി ജെ പി
ന്യൂഡൽഹി: അവിഭക്ത ത്രിപുര എന്ന വ്യവസ്ഥയിൽ രണ്ടാമത്തെ വലിയ കക്ഷിയായ തിപ്ര മോതയെ മന്ത്രിസഭയിൽ ഉൾപ്പെടുത്താനുള്ള ചർച്ചകളുമായി ബി.ജെ.പി. ആദിവാസികളുമായി ബന്ധപ്പെട്ട ആവശ്യങ്ങൾ അംഗീകരിച്ചാൽ വിട്ടുവീഴ്‌ച ചെയ്യാമെന്ന് തിപ്ര മോത നേതാവ് പ്രദ്യോത് കിഷോർ ദേബ് ബർമ്മൻ വ്യക്തമാക്കി. അതേസമയം സത്യപ്രതിജ്ഞയ‌്ക്ക് ഒരു ദിവസം ബാക്കിയിരിക്കെ മണിക് സാഹ മുഖ്യമന്ത്രിയായി തുടരുമോ എന്ന കാര്യത്തിൽ സസ്‌പെൻസ് നിലനിൽക്കുകയാണ്. കേന്ദ്രമന്ത്രി പ്രതിമാ ഭൗമിക് സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയാകാനും സാദ്ധ്യതയുണ്ട്.
അസാം മുഖ്യമന്ത്രി ഹിമന്ത ബിശ്വ വർമ്മയാണ് തിപ്രമോതയുമായുള്ള ചർച്ചയ്‌ക്ക് നീക്കം നടത്തുന്നത്. തിരഞ്ഞെടുപ്പിന് മുൻപ് തിപ്ര മോതയുമായി ബി.ജെ.പി നടത്തിയ ചർച്ചകൾ ഫലം കണ്ടിരുന്നില്ല. ഗ്രേറ്റർ തിപ്രലാൻഡ് എന്ന പ്രത്യേക സംസ്ഥാനം വേണമെന്ന ആവശ്യത്തിൽ തിപ്രമോത ഉറച്ചു നിന്നതിനെ തുടർന്നായിരുന്നു അത്. എന്നാൽ തിരഞ്ഞെടുപ്പിന് ശേഷം നിലപാടിൽ അയവു വരുത്തിയ പാർട്ടി ആദിവാസികളുടെ വികസനത്തിനായി തങ്ങൾ ഉന്നയിച്ച ആവശ്യങ്ങൾ നടപ്പാക്കണമെന്നാണ് പറയുന്നത്. ആദിവാസികളുടെ പരാതികൾ പരിഹരിക്കാൻ തയ്യാറാണെന്ന് ഹിമന്ത പറഞ്ഞു. ത്രിപുര ഗോത്ര സ്വയംഭരണ കൗൺസിലിന് കേന്ദ്രത്തിൽ നിന്നുള്ള നേരിട്ടുള്ള ധനസഹായം, ഗോത്ര സംവരണ സീറ്റുകൾ 20ൽ നിന്ന് 30 ആക്കൽ തുടങ്ങിയവയാണ് തിപ്രമോതയുടെ മറ്റ് ആവശ്യങ്ങൾ.
സത്യപ്രതിജ്ഞയ്‌ക്കൊരുങ്ങി കൊൺറാഡ് സാംഗ്‌മ
ന്യൂഡൽഹി: മേഘാലയയിൽ തൃണമൂൽ നേതാവ് മുകുൾ സാംഗ്‌മയുടെ ബദൽ നീക്കങ്ങൾക്കിടയിലും ബി.ജെ.പി പിന്തുണയോടെ
7ന് സത്യപ്രതിജ്ഞ ചെയ്‌ത് അധികാരത്തിലേറാനുറപ്പിച്ച് കോൺറാഡ് സാംഗ്‌മ. സത്യപ്രതിജ്ഞാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുെമെന്ന് സംസ്ഥാന ബി.ജെ.പി അദ്ധ്യക്ഷൻ ഏണസ്റ്റ് മാവ്രി പറഞ്ഞു. ഷില്ലോംഗിലെ ചടങ്ങിൽ പങ്കെടുത്ത ശേഷം പ്രധാനമന്ത്രി നാഗാലാൻഡിലേക്ക് പോകും.
26 എംഎൽഎമാരുള്ള എൻ.പി.പി ബി.ജെപിയുടെയും ഹിൽ സ്റ്റേറ്റ് പീപ്പിൾസ് ഡെമോക്രാറ്റിക് പാർട്ടിയുടെയും(എച്ച്.എസ്.ഡി.പി) രണ്ടു വീതവും രണ്ട് സ്വതന്ത്ര എംഎൽഎമാരുടെയും പിന്തുണയുണ്ടെന്ന് അവകാശപ്പെടുന്നു. എന്നാൽ തങ്ങളുടെ എം.എൽ.എമാർക്ക് എൻ.പി.പി സർക്കാരിനെ പിന്തുണയ്‌ക്കാൻ അധികാരം നൽകിയിട്ടില്ലെന്ന് എച്ച്.എസ്.ഡി.പി കത്ത് നൽകിയതിന് പിന്നാലെയാണ് മുകുൾ സാംഗ്‌മ ബദൽ നീക്കവുമായി രംഗത്തുവന്നത്. മുകുൾ സാഗ്‌മയുടെ ബിരുദ്ധ വിരുദ്ധ സർക്കാർ നീക്കങ്ങൾ ഫലം കാണില്ലെന്ന വിശ്വാസത്തിൽ സത്യപ്രതിജ്ഞയുമായി മുന്നോട്ടുപോകുകയാണ് കൊറാഡ് സാഗ്‌മ. തങ്ങളുടെ എം.എൽ.എമാരായ അലക്സാണ്ടർ ലാലു ഹെക്കുവിനെയും സാൻബോർ ഷുല്ലായിയെയും മന്ത്രിസഭയിൽ ഉൾപ്പെടുത്താൻ ബി.ജെ.പി ആവശ്യപ്പെട്ടിട്ടുണ്ട്.