വിരൂപാക്ഷപ്പ ഒളിവിൽ തന്നെ; 16 ലക്ഷം കൂടി പിടിച്ചെടുത്തു

Monday 06 March 2023 2:36 AM IST

ബംഗളൂരു: കർണാടക സർക്കാരിനെ വെട്ടിലാക്കിയ കോഴക്കേസിൽ പ്രതിയായ എം.എൽ.എ വിരൂപാക്ഷപ്പയെ കണ്ടെത്താനാവാതെ പൊലീസ്. കണ്ടെത്താനുള്ള ശ്രമങ്ങൾ നടത്തുന്നതായി ലോകായുക്ത അധികൃതർ അറിയിച്ചു. അതിനിടെ വിരൂപാക്ഷപ്പയുടെ ദാവൻഗെരെ ജില്ലയിലുള്ള വസതിയിൽ നടത്തിയ റെയിഡിൽ നിന്ന് 16.47 ലക്ഷം രൂപ കൂടി പിടിച്ചെടുത്തതായും അധികൃതർ പറഞ്ഞു. സ്വർണ്ണം,വെള്ളി എന്നിവയിൽ വൻ നിക്ഷേപം നടത്തിയതിന്റെ രേഖകളും പിടിച്ചെടുത്തിട്ടുണ്ട്.

അറസ്റ്റ് സംബന്ധിച്ച ചോദ്യത്തിന് എം.എൽ.എയുടെ രാജിക്കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും കേസിൽ നീതിപൂർവമായ അന്വേഷണം നടക്കുകയാണെന്നും ലോകായുക്തയ്ക്ക് എല്ലാ സ്വാതന്ത്ര്യവും നല്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ പ്രതികരിച്ചു. കോൺഗ്രസ് അധികാരത്തിലിരിക്കെ നേതാക്കൾക്കെതിരെയുള്ള കേസുകൾ ഇല്ലാതാക്കാൻ ലോകായുക്തയെ അടച്ചുപൂട്ടി. അവർക്കെതിരെയുള്ള 59 കേസുകൾ ലോകായുക്തയ്ക്ക് അയച്ചിട്ടുണ്ടെന്നും സത്യം പുറത്തുവരുമെന്നും അദ്ദേഹം പറഞ്ഞു. എം.എൽ.എയുടെ മകൻ പ്രശാന്ത് മാഡൽ ഉൾപ്പെടെ അഞ്ച് പേരാണ് നിലവിൽ അറസ്റ്റിലായിട്ടുള്ളത്.