പാർട്ടിയിൽ തെറ്റായ പ്രവണതകൾ വച്ചുപൊറുപ്പിക്കില്ല: എം.വി. ഗോവിന്ദൻ

Monday 06 March 2023 1:39 AM IST

മതിലകം: പാർട്ടിയിൽ തെറ്റായ പ്രവണതകൾ വച്ചു പൊറുപ്പിക്കില്ലെന്നും സ്വയം നവീകരിച്ചും ജനങ്ങളെ വിശ്വാസത്തിലെടുത്തും മുന്നോട്ടു പോകുമെന്നും സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. തദ്ദേശ ഉപതെരഞ്ഞെടുപ്പിൽ കോലീബീജമാഅത്തെ ഇസ്‌ലാമി ബാന്ധവമാണ് ഇടതുപക്ഷത്തിന്റെ സീറ്റ് നഷ്ടപ്പെടുത്തിയതിന്റെ പിന്നിലെന്ന് പറഞ്ഞ അദ്ദേഹം ആർ.എസ്.എസും ജമാഅത്തെ ഇസ്‌ലാമിയും പരസ്പരം ശക്തിപ്പെടാനുള്ള ശ്രമത്തിലാണെന്നും അഭിപ്രായപ്പെട്ടു. ജനകീയ പ്രതിരോധ ജാഥയ്ക്ക് കയ്പമംഗലം നിയോജമണ്ഡലത്തിലെ മതിലകത്ത് നൽകിയ സ്വീകരണ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ജാഥാ ക്യാപ്ടനായ എം.വി. ഗോവിന്ദൻ. ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി.കെ. ചന്ദ്രശേഖരൻ അദ്ധ്യക്ഷത വഹിച്ചു. സംവിധായകൻ കമലിനെ എം.വി. ഗോവിന്ദൻ ഷാൾ അണിയിച്ചു. മന്ത്രി ആർ. ബിന്ദു, പി.കെ. ബിജു, എം. സ്വരാജ്, എം.എം. വർഗീസ്, കെ.വി. അബ്ദുൾഖാദർ, പി.എം. അഹമ്മദ്, കെ.കെ. അബീദലി തുടങ്ങിയവർ പങ്കെടുത്തു.