വികൃതമാക്കപ്പെട്ട നിലയിൽ പൂച്ചകളുടെ ജഡങ്ങൾ, സീരിയൽ കില്ലറെ തേടി പൊലീസ്  ഭീതിയിൽ സൈതാമാ നഗരം

Monday 06 March 2023 6:45 AM IST

ടോക്കിയോ : വികൃതമാക്കപ്പെട്ട നിലയിൽ പൂച്ചകളുടെ ജഡങ്ങൾ തെരുവുകളിൽ പ്രത്യക്ഷപ്പെട്ടതിന്റെ ഭീതിയിലാണ് ജപ്പാനിലെ സൈതാമാ നഗരം. പത്ത് ദിവസങ്ങൾ മുമ്പാണ് ഭയാനകമായ സംഭവങ്ങളുടെ തുടക്കം. നഗരത്തിലെ അറകാവാ നദിയ്ക്ക് സമീപം തവിട്ട് നിറത്തിലെ പുള്ളികളോട് കൂടിയ ഒരു പൂച്ചയുടെ ജഡം കണ്ടെത്തി. പൂച്ചയുടെ തകർന്ന തലയും കാലുകളുമാണ് കണ്ടെത്തിയത്. ശരീരത്തിന്റെ ബാക്കി ഭാഗം സമീപത്തെ റോഡിലായിരുന്നു. പിന്നാലെ ഒരു എലിമെന്ററി സ്കൂളിൽ കുട്ടികളുടെ കളി ഉപകരണത്തിൽ നിന്ന് നൂലിൽ കെട്ടിയിട്ട നിലയിൽ ഒരു പൂച്ചയുടെ മുഖത്തിന്റെ ഭാഗം കണ്ടെത്തി. ഫെബ്രുവരി അവസാനം ഒരു വയലിലും റോഡിലുമായി വികൃതമാക്കപ്പെട്ട നിലയിൽ രണ്ട് പൂച്ചകളുടെ ജഡങ്ങൾ കൂടി കണ്ടെത്തി. ഇതിന് പിന്നിൽ ആരാണെന്ന് വ്യക്തമല്ലെങ്കിലും സമാന സംഭവങ്ങൾ രാജ്യത്ത് മുമ്പ് ഉണ്ടായിട്ടുണ്ട് എന്നതാണ് ഭീതിക്ക് കാരണം. പൂച്ചകളെയും മറ്റും ക്രൂരമായി ഉപദ്രവിച്ച് അതിന്റെ ദൃശ്യങ്ങൾ പകർത്തി ഓൺലൈനിൽ പ്രചരിപ്പിച്ച ഒരാളെ മുമ്പ് ഇവിടെ ജയിലിലടച്ചിരുന്നു. 1990കളുടെ അവസാനം ജപ്പാനിലെ കോബെ നഗരത്തിൽ ഇതുപോലെ മൃഗങ്ങളെ ക്രൂരമായി കൊന്ന ഒരു പതിനാലുകാരൻ 10,11 വീതം വയസുള്ള രണ്ട് കുട്ടികളെ കൊല്ലുകയും മൂന്ന് പേരെ പരിക്കേൽപ്പിക്കുകയും ചെയ്തിരുന്നു. ഈ കേസിന്റെ പശ്ചാത്തലത്തിൽ പൊലീസ് സൈതാമാ നഗരത്തിൽ ജാഗ്രത കൂട്ടി. കാരണം പൂച്ചകളുടെ ജഡങ്ങൾ കണ്ടെത്തിയത് സ്കൂളുകൾക്ക് സമീപമാണ്. ഇതോടെ കുട്ടികൾക്കും അദ്ധ്യാപകർക്കും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അസ്വഭാവികമായി എന്ത് കണ്ടാലും അറിയിക്കണമെന്ന് പൊലീസ് പറയുന്നു. ചെറിയ കുട്ടികളെ ഒറ്റയ്ക്ക് സ്കൂളിൽ വിടരുതെന്നും നിർദ്ദേശമുണ്ട്. പൂച്ചകളെ കൊല്ലുന്ന ' സീരിയൽ കില്ലറെ" തേടി പൊലീസ് പട്രോളിംഗ് വ്യാപകമാക്കി. ജപ്പാനിൽ മൃഗങ്ങളെ കൊല്ലുന്നതും മുറിവേൽപ്പിക്കുന്നതും അഞ്ച് വർഷം വരെ ജയിൽ ശിക്ഷയോ 50 ലക്ഷം യെൻ പിഴയോ ലഭിക്കാവുന്ന കുറ്റമാണ്. 2021ൽ മൃഗങ്ങളോട് ക്രൂരത കാട്ടിയ 170 പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

Advertisement
Advertisement