ഐസ്ക്രീമിൽ വീണ ചീവീട് !

Monday 06 March 2023 6:46 AM IST

ബെർലിൻ : ഐസ്ക്രീം ഇഷ്ടമല്ലാത്തവർ വിരളമായിരിക്കും. വാനില, സ്ട്രോബെറി, ചോക്ലേറ്റ്, ബട്ടർ സ്കോച്ച്, മാംഗോ .... ഇങ്ങനെ വിവിധ ഫ്ലേവറുകളിലെ ഐസ്ക്രീം കേൾക്കുമ്പോൾ തന്നെ നാവിൽ കപ്പലോടും. വെറൈറ്റി ഫ്ലേവറുകളിലെ ഐസ്ക്രീം പരീക്ഷിക്കാനും എല്ലാവർക്കും ഇഷ്ടമാണ്. ഇക്കൂട്ടത്തിലേക്ക് വളരെ വ്യത്യസ്തമായ ഒരു ഫ്ലേവറിനെ അവതരിപ്പിച്ചിരിക്കുകയാണ് ജർമ്മനിയിലെ ഒരു സ്ഥാപനം.

മറ്റൊന്നുമല്ല ചീവീടാണത്. റോട്ടൻബർഗിലെ എയ്സ്കഫെ റിനോ എന്ന ഐസ്ക്രീം പാർലറിലാണ് ചീവീട് ഐസ്ക്രീം ലഭിക്കുക. സാധാരണ ഐസ്ക്രീമുകളിൽ ടോപ്പിംഗിന് ഉപയോഗിക്കുന്നത് ചെറിയും നട്ട്സുമൊക്കെയാണെങ്കിൽ ഇവിടുത്തെ ചീവീട് ഐസ്ക്രീമിന് മുകളിൽ ടോപ്പിംഗായി ഉപയോഗിക്കുന്നത് ഉണങ്ങിയ ചീവീടുകളെയാണ്.

സ്ഥാപനത്തിന്റെ ഉടമയായ തോമസ് മികോലിൻ ആണ് ഈ ഐസ്ക്രീമിന്റെ സൃഷ്ടാവ്. ഐസ്ക്രീമിന്റെ ചിത്രങ്ങൾ ഇദ്ദേഹം സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കുകയും ചെയ്തു. എന്നാൽ നിരവധി പേരാണ് ഈ ഐസ്ക്രീമിന് വിമർശനവുമായി രംഗത്തെത്തിയത്. അതേ സമയം, ഭാവിയിലെ ഭക്ഷണങ്ങളെ ഓർമിപ്പിക്കാനുള്ള ചെറിയ സന്ദേശമാണ് ഈ ഐസ്ക്രീമെന്ന് തോമസ് പറയുന്നു. ചീവീടിന്റെ ഫ്ലേവർ കൂടാതെ ഹെവി ക്രീം, വാനില സത്ത്, തേൻ എന്നിവയും ഈ ഐസ്ക്രീമിൽ ചേർത്തിട്ടുണ്ട്.

അതേ സമയം,​ ചൈനയിലും ജപ്പാനിലുമൊക്കെ പുഴുക്കളെയും ഷഡ്പദങ്ങളെയും ആഹാരമായി ഉപയോഗിക്കുന്നത് സാധാരണമാണ്. എന്നാൽ, യൂറോപ്പിൽ ഭൂരിഭാഗം പേർക്കും ഇതിനോട് താത്പര്യമില്ലെന്നാണ് പഠനങ്ങൾ ചൂണ്ടിക്കാട്ടുന്നത്.