വളർത്തുനായ കരടിയായി, ഞെട്ടി ചൈനീസ് കുടുംബം

Monday 06 March 2023 6:46 AM IST

ബീജിംഗ് : നായക്കുട്ടി എന്ന് കരുതി ചൈനീസ് കുടുംബം രണ്ട് വർഷമായി ഓമനിച്ചു വളർത്തിയത് വംശനാശ ഭീഷണി നേരിടുന്ന കരടിയെ.! യുനാൻ പ്രവിശ്യയിലെ ഒരു കൊച്ചു ഗ്രാമത്തിൽ ജീവിക്കുന്ന സു യുന്നിനും കുടുംബത്തിനുമാണ് അബദ്ധം സംഭവിച്ചത്. 2016ലാണ് ടിബറ്റൻ മാസ്റ്റിഫ് ഇനത്തിലെ നായക്കുഞ്ഞാണെന്ന് കരുതി യുൻ കരടിയെ വാങ്ങിയത്. രണ്ട് വർഷങ്ങൾക്കിപ്പുറം ' നായക്കുട്ടി"യുടെ ഭാരം 114 കിലോ ആയി. വൈകാതെ അത് രണ്ട് കാലിൽ നിവർന്ന് നടക്കാൻ കൂടി തുടങ്ങിയതോടെ കുടുംബത്തിന് സംശയം തോന്നി.

ഇതോടെയാണ് ഏഷ്യാറ്റിക് ബ്ലാക്ക് ബിയർ സ്പീഷീസിലെ കരടിയായിരുന്നു അതെന്ന് തിരിച്ചറിഞ്ഞത്. ഒരു പെട്ടി പഴങ്ങളും രണ്ട് ബക്കറ്റ് നൂഡിൽസും വരെ ' നായക്കുട്ടി " കഴിച്ചത് ഭീതി സൃഷ്ടിച്ചെന്ന് യുൻ പറയുന്നു. വളർച്ച കൂടുംതോറും കരടിയുടെ രൂപം തെളിഞ്ഞതായും യുൻ വ്യക്തമാക്കി. കരടിയാണെന്ന് തിരിച്ചറിഞ്ഞ നിമിഷം തന്നെ യുൻ അധികൃതരെ സമീപിച്ചു. വന്യമൃഗങ്ങളെ കൈവശം വയ്ക്കുന്നത് നിയമവിരുദ്ധമാണ്. അധികൃതർ ഏറ്റെടുക്കുമ്പോൾ കരടിയുടെ ഭാരം 182 കിലോഗ്രാം ആയിരുന്നു.

3 അടി ഉയരമുണ്ടായിരുന്നു. കരടിയെ യുനാൻ വൈൽഡ് ലൈഫ് റെസ്ക്യൂ സെന്ററിലേക്ക് മാറ്റി. ഹിമാലയൻ കരടി എന്നും ഏഷ്യാറ്റിക് ബ്ലാക്ക് ബിയറുകൾ അറിയപ്പെടുന്നുണ്ട്. കറുപ്പ് - ബ്രൗൺ കലർന്ന വലിയ രോമക്കുപ്പായത്തോട് കൂടിയ ടിബറ്റൻ മാസ്റ്റിഫുകൾ കാഴ്ചയിൽ ഏഷ്യാറ്റിക് ബ്ലാക്ക് ബിയറിനോട് സാമ്യമുള്ളവയാണ്. ഇവയ്ക്ക് 69 കിലോഗ്രാം വരെ ഭാരമുണ്ടാകാറുണ്ട്.