ഇറാനിൽ പെൺകുട്ടികൾക്ക് നേരെ വിഷ പ്രയോഗം തുടരുന്നു  പ്രതിഷേധം ശക്തം

Monday 06 March 2023 6:53 AM IST

ടെഹ്‌റാൻ: പെൺകുട്ടികൾ വിദ്യാഭ്യാസം നേടുന്നത് തടയാൻ സ്കൂൾ വിദ്യാർത്ഥിനികൾക്ക് വിഷം നൽകുന്നെന്ന ആരോപണത്തിൽ ഇറാനിൽ പ്രതിഷേധം ശക്തമാകുന്നു. രക്ഷിതാക്കൾ പ്രതിഷേധവുമായി തെരുവിലിറങ്ങി. നവംബറിൽ കോം നഗരത്തിൽ നിന്ന് തുടങ്ങിയ ശ്വാസകോശ സംബന്ധമായ വിഷബാധ ഇന്നലത്തെ കണക്ക് പ്രകാരം അഞ്ച് പ്രവിശ്യകളിലേക്ക് കൂടി വ്യാപിച്ചു. ഹമേദാൻ,​ സൻജാൻ,​ വെസ്റ്റ് അസർബൈജാൻ,​ ഫാർസ്,​ അൽബോർസ് പ്രവിശ്യകളിൽ ശനിയാഴ്ച ഡസൻകണക്കിന് പെൺകുട്ടികളാണ് വിഷബാധയേറ്റതിന്റെ ലക്ഷണങ്ങളുമായി ചികിത്സ തേടിയത്. ഇതുവരെ 900ത്തോളം പെൺകുട്ടികളാണ് ചികിത്സ തേടിയത്. എല്ലാവരുടെയും നില തൃപ്തികരമാണ്. തലസ്ഥാനമായ ടെഹ്‌റാനിലും കേസുകൾ റിപ്പോർട്ട് ചെയ്തു. തലവേദന, ചുമ, ഛർദ്ദി, ശ്വസന ബുദ്ധിമുട്ടുകൾ, ഹൃദയമിടിപ്പിലെ തകരാറ് തുടങ്ങിയ ലക്ഷണങ്ങളാണ് വിഷബാധയേറ്റ കുട്ടികൾ പ്രകടമാക്കിയത്. ഇതുവരെ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ടെഹ്‌റാന്റെ പടിഞ്ഞാറ് ടെഹാ‌റാൻസാർ പട്ടണത്തിലെ ഒരു സ്കൂളിൽ വിദ്യാർത്ഥികൾ ഒരു വിഷ സ്പ്രേ കണ്ടെത്തിയെന്ന് വിവരമുണ്ട്. സംഭവത്തിൽ ബന്ധപ്പെട്ട മന്ത്രാലയങ്ങളും ഇന്റലിജൻസ് ഏജൻസികളും അന്വേഷണം തുടരുകയാണെന്ന് ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി അറിയിച്ചു. എന്നാൽ സംഭവം ജനങ്ങളിൽ ഭയം സൃഷ്ടിക്കാനുള്ള ശത്രുക്കളുടെ ഗൂഢാലോചനയാണെന്നാണ് റെയ്സി പ്രതികരിച്ചത്. അസ്വസ്ഥതകൾ നേരിടുന്നതിന് മുന്നേ രൂക്ഷമായ ഗന്ധം അനുഭവപ്പെട്ടെന്ന് വിദ്യാർത്ഥിനികൾ പറയുന്നു. വിഷബാധയേറ്റവരിൽ നടത്തിയ പരിശോധനയിൽ രാസവസ്തുക്കളുടെ സാന്നിദ്ധ്യം കണ്ടെത്തിയിട്ടില്ല. വിഷ വാതകമാകാം പിന്നിലെന്ന് കരുതുന്നു.

കഴിഞ്ഞാഴ്ച രാജ്യത്തെ ആരോഗ്യ ഉപമന്ത്രിയായ യൂനസ് പനാഹി നടത്തിയ വെളിപ്പെടുത്തലിലൂടെയാണ് വിഷയം പുറംലോകം അറിഞ്ഞത്. പെൺകുട്ടികളെ ചിലർ ബോധപൂർവം വിഷബാധയേൽപ്പിക്കുകയാണെന്നും പെൺകുട്ടികൾക്ക് വേണ്ടിയുള്ള സ്കൂളുകൾ അടച്ചുപൂട്ടിക്കുകയും അവരുടെ വിദ്യാഭ്യാസം ഇല്ലാതാക്കുകയുമാണ് ഇത്തരക്കാരുടെ ലക്ഷ്യമെന്നും പനാഹി പറഞ്ഞിരുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന് ഇപ്പോഴും വ്യക്തമല്ല.

ഹിജാബ് ധരിക്കാത്തതിന് സദാചാര പൊലീസിന്റെ കസ്റ്റഡിയിലിരിക്കെ മഹ്സ അമിനി എന്ന 22കാരി മരിച്ചതിന് പിന്നാലെ സെപ്തംബർ മുതൽ ഇറാനിൽ വ്യാപക പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെയാണ് പെൺകുട്ടികൾക്ക് വ്യാപകമായി വിഷബാധയേൽക്കുന്നത്.