അദ്ധ്യാപികയുടെ മൊബൈൽ കവർന്ന് അശ്ലീല സന്ദേശം അയച്ച സംഭവം; പരാതിക്കാരിയെയും സസ്പെൻഡ് ചെയ്തു, സി പി എമ്മിൽ വിവാദം
കൊല്ലം: അദ്ധ്യാപികയുടെ ഫോൺ കവർന്ന് സ്കൂളിലെ വാട്സാപ്പ് ഗ്രൂപ്പുകളിൽ അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ, കുറ്റക്കാരെന്ന് സംശയിക്കുന്നവർക്കൊപ്പം പരാതിക്കാരിയെയും സസ്പെൻഡ് ചെയ്തതിന്റെ പേരിൽ സിപിഎമ്മിനുള്ളിൽ വിവാദം. സിപിഎം ജില്ലാ കമ്മിറ്റിയുടെ നിയന്ത്രണത്തിലുള്ള തേവലക്കര ഗേൾസ് ഹൈസ്കൂളിലാണ് സംഭവം.
ഫോൺ കവർന്ന് അശ്ലീല സന്ദേശങ്ങൾ അയച്ച സംഭവത്തിൽ സ്കൂളിലെ രണ്ട് അദ്ധ്യാപകരാണ് പ്രതിസ്ഥാനത്തുള്ളത്. അന്തരിച്ച മുതിർന്ന സിപിഎം നേതാവിന്റെ മകളും സ്കൂളിലെ ഫിസിക്കൽ എജ്യൂക്കേഷൻ അദ്ധാപികയുമായ യുവതിയുടെ മൊബൈൽ ഫോണാണ് പ്രതികൾ കവർന്നത്. ഇതിൽ നിന്നും കെഎസ്ടിഎ ഉൾപ്പെടെയുള്ള വാട്സാപ് ഗ്രൂപ്പുകളിൽ പാർട്ടി നേതാക്കളെയും സ്കൂളിലെ അദ്ധ്യാപകരെയും പരാമർശിച്ച് അശ്ലീല സന്ദേശങ്ങൾ പ്രചരിപ്പിക്കുകയായിരുന്നു.
പ്രതികൾക്കൊപ്പം പരാതിക്കാരിയെയും സ്കൂളിലെ അച്ചടക്കത്തിന് വിരുദ്ധമായി പ്രവർത്തിച്ചുവെന്ന കാരണം പറഞ്ഞ് മാനേജ്മെന്റ് സസ്പെൻഡ് ചെയ്തതാണ് ഇപ്പോൾ വിവാദമായത്. പ്രതികളെ രക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിതെന്നും പാർട്ടിക്കുള്ളിലെ വിഭാഗീയതയാണ് ഇതിന് കാരണമെന്നും പരാതിയുണ്ട്. ഒളിവിൽ കഴിയുന്ന രണ്ട് അദ്ധ്യാപകരെ പ്രതികളാക്കി പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. സ്കൂളിലെ സിസിടിവി ദൃശ്യങ്ങളും സൈബർ വിദഗ്ദ്ധരുടെ സഹായത്തോടെ ഫോണുകളും പരിശോധിച്ച ശേഷമാണ് പൊലീസ് റിപ്പോർട്ട് നൽകിയത്.
സിപിഎമ്മിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിൽ, ഏറെനാളായി അദ്ധ്യാപകർ പല ഗ്രൂപ്പുകളായിട്ടാണ് പ്രവർത്തിക്കുന്നതെന്നും ഇവർക്കിടയിലുള്ള തർക്കങ്ങളും വൈരാഗ്യവുമാണ് ഫോൺ കവർന്ന് അശ്ലീല സന്ദേശം അയക്കുന്നതിലേയ്ക്ക് എത്തിച്ചതെന്നും പൊലീസ് പറഞ്ഞു.