ഫോറസ്റ്റ് വാച്ചർമാർ പണിമുടക്കും

Tuesday 07 March 2023 12:15 AM IST

തൃശൂർ: വനംവകുപ്പിലെ ദിവസവേതനക്കാരായ ഫോറസ്റ്റ് വാച്ചർമാർ പണിമുടക്കി പ്രക്ഷോഭത്തിനിറങ്ങാൻ കേരള സ്റ്റേറ്റ് ഫോറസ്റ്റ് വർക്കേഴ്‌സ് യൂണിയൻ (എ.ഐ.ടി.യു.സി) സംസ്ഥാന സമര പ്രഖ്യാപന കൺവെൻഷൻ. ശമ്പള കുടിശ്ശിക നൽകുക, പിരിച്ചുവിടൽ നിറുത്തിവച്ചുകൊണ്ടുള്ള അഡ്മിനിസ്‌ട്രേറ്റ് ട്രിബ്യൂണൽ വിധി നടപ്പിലാക്കുക, മാസത്തിൽ 26 ദിവസം വേതനം നൽകുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലകളിൽ വനംവകുപ്പ് ഓഫീസിനു മുന്നിൽ തൊഴിലാളികൾ പണിമുടക്കി സത്യഗ്രഹസമരം സംഘടിപ്പിക്കും. എ.ഐ.ടി.യു.സി സംസ്ഥാന സെക്രട്ടറി കെ.സി. ജയപാലൻ കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. യൂണിയൻ പ്രസിഡന്റ് ബാബു പോൾ അദ്ധ്യക്ഷനായി. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് കെ.ജി. ശിവാനന്ദൻ, യൂണിയൻ സംസ്ഥാന ജോയിന്റ് സെക്രട്ടറി പി. ശ്രീകുമാർ, സെക്രട്ടറി അഡ്വ. കള്ളിക്കാട് ചന്ദ്രൻ, സജീവ് പരുത്തിപ്പുള്ളി, പി. കൃഷ്ണപ്രസാദ് എന്നിവർ സംസാരിച്ചു.