കണക്കിലുണ്ട്, കാര്യത്തിലില്ല!  തീരദേശ സ്റ്റേഷനുകളിൽ വനിതാ പൊലീസുകാർക്ക് ക്ഷാമം

Tuesday 07 March 2023 3:54 AM IST

ശംഖുംമുഖം: കുട്ടികൾക്കും സ്ത്രീകൾക്കുമെതിരെ കൂടുതൽ അതിക്രമ പരാതികൾ ലഭിക്കുന്ന തീരദേശത്തെ പൊലീസ് സ്റ്റേഷനുകളിൽ ആവശ്യത്തിന് വനിതാ പൊലീസുകാരില്ലെന്ന് ആക്ഷേപം. പരാതിക്കാരായ സ്ത്രീകളുടെയും കുട്ടികളുടെയും മൊഴികളെടുക്കുന്നതുപോലും പുരുഷ പൊലീസുകാരാണ്.

ഇതിനാൽ പരാതിയിൽ പറയുന്ന പലകാര്യങ്ങളും വ്യക്തമായി മൊഴി രേഖപ്പെടുത്താൻ കഴിയാത്ത സ്ഥിതിയുണ്ട്. സ്ത്രീകളുടെ പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണുന്നതിന് മിക്ക സ്റ്റേഷനുകളിലും വനിതാ ഹെൽപ്പ് ഡെസ്‌ക്കുകൾ സ്ഥാപിച്ചിട്ടുണ്ടെങ്കിലും ഇവിടെ ഇരിക്കാൻ പോലും വനിതാ പൊലീസുകാരില്ലെന്ന ആക്ഷേപമുണ്ട്. സ്റ്റേഷൻ കണക്കുകളിൽ വനിതാ പൊലീസുകാർ ഏറെയുണ്ടെങ്കിലും മിക്കവരും ജോലി ക്രമീകരണമെന്നപേരിൽ സ്വാധീനം ഉപയോഗിച്ച് സ്‌പെഷ്യൽ യൂണിറ്റുകളിൽ ചേക്കേറിയിരിക്കുകയാണ്. വിഴിഞ്ഞം പൊലീസ് സ്റ്റേഷനിൽ രേഖകളിൽ പത്ത് വനിതാ പൊലീസുകാരുണ്ടെങ്കിലും ഡ്യൂട്ടിയിലുളളത് അഞ്ച് പേർ മാത്രമാണ്. ബാക്കിയുള്ളവർ സ്‌പെഷ്യൽ യൂണിറ്റുകളിലാണ്. വിഴിഞ്ഞം സ്റ്റേഷന്റെ ഘടന അനുസരിച്ച് 16 വനിതാ പൊലീസുകാരുടെ സേവനം ആവശ്യമുണ്ടെന്നിരിക്കെയാണ് ഇവിടെയുള്ളവർ സ്‌പെഷ്യൽ യൂണിറ്റുകളിൽ വിലസുന്നത്.

തിരുവല്ലം സ്റ്റേഷനിൽ കണക്കിൽ ഏഴ് വനിതാപൊലീസുകാരുണ്ട്. എന്നാൽ ഡ്യൂട്ടിയിലുളളതാവട്ടെ രണ്ട് പേർ. പൂന്തുറ സ്റ്റേഷനിൽ ഏട്ട് പേരുണ്ടെന്നാണ് കണക്ക്. നിലവിലുളളത് അഞ്ചുപേർ മാത്രം. വലിയതുറ സ്റ്റേഷനിൽ ആറുപേർ രേഖകളിൽ ഉണ്ടെങ്കിലും നിലവിൽ രണ്ടു പേരാണ് ഡ്യൂട്ടിയിലുള്ളത്. വനിതാ പൊലീസുകാരുടെ പരിമിതി കാരണം പലപ്പോഴും സ്ത്രീകളെ കോടതിയിൽ ഹാജരാക്കാൻ കാവൽ പോകുന്നതും പുരുഷ പൊലീസുകാരാണ്.

Advertisement
Advertisement